ഗാസ/ജറൂസലം- ഗാസ ആശുപത്രികളിലെ ഇസ്രായില്‍ ഉപരോധത്തിനിടെ മരിച്ച രോഗികളെ സംസ്‌കരിക്കുന്നതിനായി അല്‍ ഷിഫ ആശുപത്രിക്കുള്ളില്‍ കുടുങ്ങിയ ഫലസ്തീനികള്‍ കൂട്ട ശവക്കുഴി തയാറാക്കി. ആശുപത്രിയില്‍ ഹമാസ് പോരാളികള്‍ ഇല്ലെന്നും 650 രോഗികളും 5,000-7,000 സാധാരണക്കാരും ആശുപത്രി വളപ്പില്‍ കുടുങ്ങിക്കിടക്കുന്നതായും സ്‌നൈപ്പര്‍മാരുടെയും ഡ്രോണുകളുടെയും നിരന്തരമായ വെടിവെപ്പിന് ഇവര്‍ ഇരയാകുന്നതായും ഹമാസ് പറയുന്നു. ആശുപത്രി വളപ്പിനുള്ളില്‍നിന്ന് ടെലിഫോണില്‍ സംസാരിച്ച ഗാസ ആരോഗ്യ മന്ത്രാലയ വക്താവ് അഷ്‌റഫ് അല്‍ഖിദ്ര, നൂറോളം മൃതദേഹങ്ങള്‍ അഴുകിയ നിലയിലാണെന്നും അവ പുറത്തെടുക്കാന്‍ മാര്‍ഗമില്ലെന്നും റോയിട്ടേഴ്‌സിനോട് പറഞ്ഞു.
ഇന്‍കുബേറ്ററുകള്‍ നിലച്ചതോടെ മൂന്ന് മാസം പോലും തികയാത്ത കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 40 രോഗികള്‍ അടുത്ത ദിവസങ്ങളില്‍ മരിച്ചതായി ആരോഗ്യ വകുപ്പ് പറയുന്നു. മൊബൈല്‍ ഇന്‍കുബേറ്ററുകള്‍ അയക്കുമെന്ന് ഇസ്രായില്‍ പറഞ്ഞെങ്കിലും ഒന്നും ചെയ്തില്ല. ഇസ്രായിലിന്റെ ആക്രമണം കാരണം ഗാസയിലെ 35 ആശുപത്രികളില്‍ 25 എണ്ണവും പ്രവര്‍ത്തനം നിര്‍ത്തിയതായി ബെയ്‌റൂത്തിലെ ഹമാസ് പ്രവര്‍ത്തകര്‍ പറഞ്ഞു.
അതിര്‍ത്തി കടന്നുള്ള ആക്രമണത്തിന് പ്രതികാരമായി ഹമാസിനെ നശിപ്പിക്കുമെന്ന് ഇസ്രായേല്‍ പ്രതിജ്ഞ ചെയ്ത് അഞ്ച് ആഴ്ചകള്‍ക്ക് ശേഷം, അല്‍ ഷിഫ ആശുപത്രിയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ ഇസ്രായിലിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്നു.