Sorry, you need to enable JavaScript to visit this website.

യു. എസ് മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ മൂത്ത സഹോദരി മരിയാന്‍ ട്രംപ് ബാരി അന്തരിച്ചു

വാഷിംഗ്ടണ്‍- യു. എസ് മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ മൂത്ത സഹോദരി മരിയാന്‍ ട്രംപ് ബാരി (86) അന്തരിച്ചു. മുന്‍ ഫെഡറല്‍ ജഡ്ജിയും പ്രോസിക്യൂട്ടറുമാണ് ബാരി. 

ഡൊണള്‍ഡ് ട്രംപിനെതിരെ ബാരി നടത്തിയ ആരോപണങ്ങളുടെ റെക്കോര്‍ഡുകള്‍ സി. എന്‍. എന്‍ പുറത്തുവിട്ടതോടെയാണ് അവര്‍ ശ്രദ്ധേയയാത്. ട്രംപിനെതിരെ പരസ്യമായി ആരോപണങ്ങളൊന്നും നടത്താതിരുന്ന ബാരി മരുകള്‍ മേരി ട്രംപുമായി നടത്തിയ സംഭാഷണത്തിന്റെ ശകലങ്ങളാണ് പുറത്തുവന്നത്. 

മുന്‍ പ്രസിഡന്റിന്റ് വിശ്വസ്തരില്‍ ഒരാളായി പരിഗണിച്ചിരുന്ന ബാരിയോട് അദ്ദേഹം ഉപദേശവും തേടിയിരുന്നു. ട്രംപ് ഉപദേശം തേടിയ ചുരുക്കം ചിലരില്‍ ഒരാളും ബാരിയായിരുന്നു. എന്നാല്‍ ബാരിയുടെ വെളിപ്പെടുത്തലുകള്‍ ട്രംപിനെ വേദനിപ്പിച്ചതായി അക്കാലത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ട്രംപിന്റെ ട്വീറ്റിനേയും നുണയെയും കുറിച്ച് ബാരി പറഞ്ഞ അഭിപ്രായങ്ങളാണ് പുറത്തുവന്നത്. അതോടൊപ്പം അവര്‍ തന്റെ സഹോദരനെ ക്രൂരനെന്നും വിശേഷിപ്പിച്ചിരുന്നു. ട്രംപിന് യാതൊരു തത്വങ്ങളുമില്ലെന്നും ബാരി തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. 

തന്റെ നിയമ ജീവിതത്തിന്റെ ക്രെഡിറ്റ് എടുക്കാന്‍  സഹോദരന്‍ ശ്രമിച്ചതായും 1981 മുതല്‍ താന്‍ യാതൊരു സഹായവും ഡൊണള്‍ഡ് ട്രംപിനോട് ചോദിച്ചിട്ടില്ലെന്നും അവര്‍ പറയുന്നുണ്ട്. 

2018 നവംബറിലെ ഒരു സംഭാഷണത്തില്‍ ബാരി തന്റെ അനന്തരവളോട് തനിക്ക് വേണ്ടി സാറ്റ് പരീക്ഷ എഴുതാന്‍ ട്രംപ് ആരെയെങ്കിലും ചേര്‍ത്തതായി വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. മേരി ട്രംപിന്റെ പുസ്തകത്തിലെ ഏറ്റവും വ്യാപകമായി പ്രചരിച്ച ആരോപണങ്ങളിലൊന്നാണിത്. 

ട്രംപ് ബ്ലൂംബര്‍ഗ് ടി വിക്കു നല്‍കിയ അഭിമുഖത്തില്‍ തന്റെ സഹോദരിയെ കുറിച്ച് മികച്ച രീതിയിലാണ് സംസാരിച്ചത്. ബാരിയെ സുപ്രിം കോടതിയിലേക്ക് പരിഗണിക്കാമെന്നും മിടുക്കിയും നല്ല വ്യക്തിയുമാണെന്നായിരുന്നു ട്രംപിന്റെ അഭിപ്രായം.  

അഞ്ച് മക്കളില്‍ മൂത്തവളായ ബാരി 1974ലാണ് ഹോഫ്‌സ്ട്രാ യൂണിവേഴ്‌സിറ്റിയുടെ ലോ സ്‌കൂളില്‍ നിന്ന് ബിരുദം നേടിയത്. കുടുംബ ബിസിനസില്‍ ചേരേണ്ടതില്ലെന്ന് തീരുമാനമെടുത്ത അവരെ 1983-ല്‍ ന്യൂജേഴ്സിയിലെ ഫെഡറല്‍ ഡിസ്ട്രിക്റ്റ് കോടതിയില്‍ സേവനമനുഷ്ഠിക്കാന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗനാണ് ആദ്യം തെരഞ്ഞെടുത്തത്. തുടര്‍ന്ന് പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ 1999-ല്‍ മൂന്നാം അപ്പീല്‍ കോടതിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തിരുന്നു. 2019-ലാണ് ബാരി വിരമിച്ചത്. 

ട്രംപും സഹോദരങ്ങളും നികുതി വെട്ടിച്ചുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള അന്വേഷണങ്ങളില്‍ ജുഡീഷ്യല്‍ പെരുമാറ്റ ചട്ടങ്ങള്‍ ലംഘിച്ചോ എന്നകാര്യം പരിശോധിക്കുന്ന സമയത്താണ് ബാരി വിരമിച്ചത്. അതിനു പിന്നാലെ ബാരിയെ കുറിച്ചുള്ള അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.

Latest News