കാഠ്മണ്ഡു- സാമൂഹിക ഐക്യം തകര്‍ക്കുകയും സാമൂഹ്യ ഘടനയ്ക്ക് തടസ്സമുണ്ടാക്കുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയ്ക്ക് പിന്നാലെ നേപ്പാളും ടിക്ടോക് നിരോധിച്ചു. ഇന്ത്യ നിരോധിച്ച് മൂന്ന് വര്‍ഷത്തിന് ശേഷമാണ് നേപ്പാളിന്റെ നടപടി.
ചൈനീസ് ടെക് ഭീമന്‍ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ളതും പ്രതിമാസം ഒരു ബില്യണിലധികം സജീവ ഉപയോക്താക്കളുള്ളതുമായ ടിക്ടോക്കിന്റെ ഉപയോഗത്തിന് നിരവധി രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ടിക് ടോക്ക് സാമൂഹിക ഐക്യത്തെ തകര്‍ക്കുന്നുവെന്നും കുടുംബത്തിലും സാമൂഹിക ഘടനയിലും വലിയ സ്വാധീനം ചെലുത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് താത്ക്കാലികമായി നിരോധനം ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചതെന്ന് കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി രേഖ ശര്‍മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സമൂഹത്തില്‍ പൊരുത്തക്കേടും ക്രമക്കേടും അരാജകത്വവും പടര്‍ത്താനുള്ള പ്രവണത എങ്ങനെ നിയന്ത്രിക്കാം എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് ശേഷം ഭരണകക്ഷിയും പ്രതിപക്ഷവും ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമവായത്തിലെത്തിയെന്ന് ഭക്തപൂര്‍ നഗരത്തില്‍ നടന്ന ഒരു പരിപാടിയില്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍ ടിക് ടോക് നിരോധനവുമായി ബന്ധപ്പെട്ട് പറഞ്ഞു.
ടിക്ടോക് ലഭ്യമല്ലാതിരിക്കാന്‍ ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റിയുടെ ചെയര്‍ പുരുഷോത്തം ഖനാല്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കളോട് ആവശ്യപ്പെട്ടതായി നേപ്പാള്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് സേവന ദാതാവായ വേള്‍ഡ് ലിങ്ക് കമ്മ്യൂണിക്കേഷന്‍സ് നിരോധന നടപടികള്‍ സ്വീകരിച്ചതിന് പിന്നാലെ മറ്റു സേവന ദാതാക്കളും ഇത് നടപ്പാക്കുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ടിക് ടോക്കുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാലു മാസത്തിനിടെ രാജ്യത്ത് 1,600ലധികം സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
യു. എസ്, ഓസ്ട്രേലിയ, ബ്രിട്ടന്‍, കാനഡ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന ഉപകരണങ്ങളില്‍ ടിക് ടോക്ക് ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. സര്‍ക്കാര്‍ നല്‍കിയ എല്ലാ ഉപകരണങ്ങളില്‍ നിന്നും ടിക്ടോക് നീക്കം ചെയ്യാന്‍ വൈറ്റ് ഹൗസ് ഫെഡറല്‍ ഏജന്‍സികളോട് ആവശ്യപ്പെട്ടിരുന്നു. ഇതേകാര്യം ഓസ്‌ട്രേലിയയും ആവശ്യപ്പെട്ടിരുന്നു.