ന്യൂദല്‍ഹി - കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി രാജസ്ഥാനിലെ ജയ്പൂരിലേക്ക് താല്‍കാലികമായി താമസം മാറ്റി. ദല്‍ഹിയിലെ വായു ഗുണനിലവാരം മെച്ചപ്പെടുന്നത് വരെയാണ് മാറി താമസിക്കുന്നത്. ദല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ വായു ഗുണനിലവാരം മെച്ചപ്പെട്ട പ്രദേശത്തേക്ക് മാറുന്നതാണ് നല്ലതെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം.
ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുള്ള സോണിയ ഗാന്ധിയെ രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. ദല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നതുവരെ സോണിയ ഗാന്ധി താല്‍ക്കാലികമായി ജയ്പൂരിലേക്ക് മാറുകയാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി. വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ട സ്ഥലത്തേക്ക് താല്‍ക്കാലികമായി മാറാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതായും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. എയര്‍ ക്വാളിറ്റി മോണിറ്ററിംഗ് ഏജന്‍സിയുടെ കണക്കുപ്രകാരം ഇന്നലെ ദല്‍ഹിയിലെ ശരാശരി വായു ഗുണനിലവാര സൂചിക (എക്യുഐ) 375 ആയിരുന്നു. ഇത് ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണ്.
അതേസമയം, ജയ്പൂരിലെ സൂചിക് 72 ആയ മിതമായ വിഭാഗത്തിലാണ്. ദല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം കാരണം മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ ദല്‍ഹി വിടുന്നത്് ഇതാദ്യമല്ല. 2020 ലെ ശൈത്യകാലത്ത് ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം ഗാന്ധി ഗോവയിലേക്ക് താല്‍ക്കാലികമായി മാറിയുന്നു. പനിയുടെ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് സെപ്റ്റംബറില്‍ ദല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ സോണിയാ ഗാന്ധി പ്രവേശിപ്പിച്ചിരുന്നു. ശ്വാസതടസ്സംമൂലം കഴിഞ്ഞ ജനുവരിയിലും സോണിയാ ഗാന്ധി ആശുപത്രിയിലായിരുന്നു.