ന്യൂയോർക്ക്- യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും അറുപതിലധികം വരുന്ന ഇടതുപക്ഷ നേതാക്കൾ ഇസ്രായിലിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി(ഐ.സി.സി)യിൽ പരാതി നൽകി. ഗാസയിൽ ഇസ്രായിൽ വംശഹത്യ നടത്തിയെന്ന് ആരോപിച്ചാണ് ഇടതുനേതാക്കൾ പരാതി നൽകിയത്. 'ഞങ്ങളുടെ മൗനവും കൂട്ടുകെട്ടും ഉള്ള ഒരു വംശഹത്യ അനുവദിക്കില്ലെന്ന് സ്പാനിഷ് സാമൂഹികാവകാശ മന്ത്രി അയോൺ ബെലാറ പറഞ്ഞു. ഈ ക്രൂരത നിങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ, ക്രൂരതക്കൊപ്പം നിങ്ങളുടെയും അവസാനമാകുമെന്ന് മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രതിരോധ മന്ത്രി യോവ് ഗാലന്റ്, ധനമന്ത്രി ബെസാലെൽ സ്‌മോട്രിച്ച് എന്നിവരുൾപ്പെടെ നിരവധി ഇസ്രായേലി നേതാക്കളെ ഹർജിയിൽ പേരെടുത്തു കുറ്റപ്പെടുത്തി.
വംശഹത്യ, മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ, യുദ്ധക്കുറ്റങ്ങൾ എന്നിവ ആരോപിച്ചാണ് പരാതി. നെതന്യാഹുവിനും ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാൻ മതിയായ തെളിവുകൾ ഐ.സി.സിയുടെ പക്കലുണ്ടെന്നും നിവേദനത്തിലുണ്ട്.