ബംഗളൂരു- ദലിതര്‍ക്ക് ബി. ജെ. പിയില്‍ വളരാന്‍ അവസരം ലഭിക്കില്ലെന്ന് കര്‍ണാടക എം. പി രമേശ് ജഗജിനാഗി. മുന്‍ മുഖ്യമന്ത്രി ബി. എസ്. യെദ്യൂരപ്പയുടെ മകന്‍ ബി. വൈ വിജയേന്ദ്രയെ ബി. ജെ. പി കര്‍ണാടക അധ്യക്ഷനായി തെരഞ്ഞെടുത്തതിന് പിന്നാലെയാണ് രമേശ് ജഗജിനാഗിയുടെ പ്രസ്താവന.
സമ്പന്നരായ നേതാക്കളോ ഗൗഡമാരോ ആണെങ്കില്‍ ആളുകള്‍ അവരെ പിന്തുണക്കുമെന്നും ദലിതനെ ആരും പിന്തുണക്കില്ലെന്നും വിജയേന്ദ്രയെ തെരഞ്ഞെടുത്തത് കേന്ദ്ര നേതൃത്വമാണെന്നും സംസ്ഥാനത്തെ നേതാക്കളല്ലെന്നും രമേശ് ജഗജിനാഗി വിജയപുരയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ദലിതനെ ആരും പിന്തുണക്കില്ലെന്നത് തങ്ങള്‍ക്കറിയാമെന്നും അത് വളരെ നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ അധ്യക്ഷന്‍ ജെ. പി നദ്ദയാണ് വിജയേന്ദ്രയെ പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുത്തത്. നളിന്‍ കുമാര്‍ കട്ടീലിന്റെ പിന്‍ഗാമിയായാണ് ശിക്കാരിപുര എം. എല്‍. എ കൂടിയായ വിജയേന്ദ്രയെ തെരഞ്ഞെടുത്തത്. വിജയേന്ദ്ര ബുധനാഴ്ച ഔദ്യോഗികമായി ചുമതലയേല്‍ക്കും.