Sorry, you need to enable JavaScript to visit this website.

നവകേരള 'ഭീഷണി'കൾ

അധികാരം താഴെ തട്ടിലേക്ക് എത്തുന്നുവെന്ന സന്ദേശമാണ് പിണറായി വിജയൻ നയിക്കുന്ന നവകേരള സദസ്സ് മുന്നോട്ടു വെക്കുന്നത്.ജനങ്ങളെ ഒപ്പം നിർത്തുകയും അവരുടെ പ്രശ്‌നങ്ങളെ കേട്ട് വേഗത്തിൽ പരിഹരിക്കുകയും ചെയ്യുകയെന്നത് ജനാധിപത്യത്തെ ശക്തിപ്പെടുത്തും.അതേസമയം, ഭീഷണിയിലൂടെയും സമ്മർദങ്ങളിലൂടെയും ജനസമ്പർക്കം വിജയിപ്പിക്കാൻ ശ്രമിക്കുന്നത് വെളുക്കാൻ തേച്ചത് പാണ്ടായി മാറ്റും. 'അറസ്റ്റ് 'ചെയ്തു കൊണ്ടുവരുന്ന കാഴ്ചക്കാരെയല്ല ഇത്തരമൊരു പരിപാടിക്ക് ആവശ്യം.ജീവൽപ്രശ്‌നങ്ങൾ ഉന്നയിച്ചാൽ അത് പരിഹരിച്ചു കൊടുക്കാൻ തയാറുള്ള സർക്കാരാണ് ഇതെന്ന വിശ്വാസമാണ് ആവശ്യം.


മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടക്കാനിരിക്കുന്ന നവകേരള സദസ്സിനുള്ള ഒരുക്കത്തിലാണ് നാട്.ഈ മാസം 28 ന് കാസർകോട് മഞ്ചേശ്വരത്ത് ആരംഭിച്ച് ഡിസംബർ 24 ന് തിരുവനന്തപുരത്ത് ഈ പരിപാടി സമാപിക്കുമ്പോഴേക്കും സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും മുഖ്യമന്ത്രി എത്തി ജനങ്ങളെ നേരിട്ട് കാണും.മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സംഘം മുഖ്യമന്ത്രിക്കൊപ്പം ഈ ജനസമ്പർക്ക പരിപാടിയിൽ പങ്കെടുക്കും.മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നടത്തിയ ജനസമ്പർക്ക പരിപാടിയെ അനുസ്മരിപ്പിക്കുന്ന മറ്റൊരു രീതിയിലുള്ള ജനകീയ പര്യടനത്തിനാണ് മുഖ്യമന്ത്രി പിണറായി വിജയനും തയാറെടുക്കുന്നത്.
കേരളത്തിന്റെ വടക്കേ അറ്റത്ത് നിന്നാരംഭിക്കുന്ന നവകേരള സദസ്സിന്റെ വിജയത്തിനായി മലബാർ ജില്ലകളിൽ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്.ഓരോ ജില്ലയിലും ചുമതലയുള്ള മന്ത്രിമാരും ജില്ല കലക്ടർമാർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരും ആഴ്ചകളായി ഇതിന്റെ തയാറെടുപ്പുകളിലാണ്. മുഖ്യമന്ത്രി എത്തുന്നതിന് മുന്നോടിയായി താലൂക്കുതലത്തിൽ ഇതിനകം ജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിച്ചിരുന്നു. അവയിൽ എഴുപത് ശതമാനത്തിനും ഇതിനകം തന്നെ പരിഹാരം കണ്ടു കഴിഞ്ഞു.ഇനി മുഖ്യമന്ത്രി എത്തുന്ന ദിവസം ജനങ്ങൾക്ക് നേരിട്ട് പരാതി നൽകാനും അവസരമുണ്ടാകും.അവിടെ ലഭിക്കുന്ന പരാതികളിൽ കൂടി തീർപ്പാക്കി ജനങ്ങളുടെ പ്രശ്‌നങ്ങൾ പരമാവധി പരിഹരിക്കുകയെന്ന ജനോപകാരപ്രദവും ജനാധിപത്യപരവുമായ ലക്ഷ്യത്തോടെയാണ് നവകേരള സദസ്സിന്, പാർലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പായി ഇടതു സർക്കാർ രൂപം നൽകിയിരിക്കുന്നത്.
സർക്കാർ ഏറെ അഭിമാനത്തോടെയാണ് നവകേരള സദസ്സിനെ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നത്.ജനകീയ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മുമ്പൊന്നുമില്ലാത്ത വേദിയായിരിക്കും ഇതെന്ന് മന്ത്രിമാർ ആവർത്തിച്ചു പറയുന്നുണ്ട്.ലക്ഷക്കണക്കിന് പരാതികൾക്ക് പരിഹാരം കാണുമെന്നാണ് കണക്കാക്കപ്പെടുന്നത്.ഇത്രയും കാലം ജനങ്ങളുടെ പ്രശ്‌നങ്ങളെല്ലാം എന്തുകൊണ്ട് പരിഹരിക്കപ്പെട്ടില്ല എന്ന ചോദ്യം ഉയരുന്നുണ്ട്.സർക്കാർ ഓഫീസിലെ ഫയലുകളിൽ അവ ഉറങ്ങുകയായിരുന്നെന്നും ഉണരുന്നതിന് മുഖ്യമന്ത്രി എത്താനായി കാത്തിരിക്കുകയായിരുന്നെന്നും വിമർശനമുണ്ട്.അതേസമയം, പഴയതും പുതിയതുമായ പരാതികളും വികസന നിർദേശങ്ങളും പരിഹരിക്കാനുള്ള വേദിയാകും ഇതെന്ന് സംഘാടകർ വ്യക്തമാക്കിയിട്ടുണ്ട്.
നവകേരള സദസ്സിനെ വിജയിപ്പിക്കാൻ സർക്കാർ സംവിധാനങ്ങൾ അരയും തലയും മുറുക്കി ഇറങ്ങുമ്പോൾ ക്രൂശിക്കപ്പെടുന്ന ചിലരുണ്ട് എന്ന യാഥാർഥ്യം കാണാതിരിക്കാനാകില്ല.പ്രതിപക്ഷ എം.എൽ.എമാരുടെ ബഹിഷ്‌കരണ ഭീഷണി നിലനിൽക്കുമ്പോൾ, സദസ്സിലേക്ക് ആളെ കൂട്ടാൻ കുടുംബശ്രീ പ്രവർത്തകരെ നിർബന്ധിക്കുന്നത് ഇതിനകം തന്നെ വിവാദമായിട്ടുണ്ട്.കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ഭീഷണി ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.നവകേരള സദസ്സിൽ പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വൈസ് പ്രസിഡന്റ് ഭീഷണിപ്പെടുത്തിയത്.വിട്ടു നിൽക്കുന്നവരെ മസ്റ്റ് റോളിൽ നിന്ന് പുറത്താക്കുമെന്നും ഭീഷണിയുണ്ട്.മുഖ്യമന്ത്രിയുടെ പരിപാടിയുടെ പരസ്യ പ്രചരണങ്ങൾ നടത്താനും കുടുംബശ്രീ അംഗങ്ങൾക്ക് മേൽ കടുത്ത സമ്മർദമുണ്ട്.പരിപാടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ വിളിച്ച കുടുംബശ്രീ യോഗത്തിൽ വിരലിലെണ്ണാവുന്നവർ മാത്രം പങ്കെടുത്തതാണ് സി.പി.എം നേതാവായ വൈസ് പ്രസിഡന്റിനെ ചൊടിപ്പിച്ചത്.ഇത്തരത്തിൽ സമ്മർദവും ഭീഷണിയും ചെലുത്തി മുഖ്യമന്ത്രിയുടെ പരിപാടിക്ക് ആളെ കൂട്ടേണ്ട ഗതികേട് കേരളത്തിൽ എൽ.ഡി.എഫിന് ഉണ്ടെന്ന് കരുതാറായിട്ടില്ല.പ്രാദേശിക നേതാക്കൾ നടത്തുന്ന ഇത്തരം ഭീഷണികൾ മുഖ്യമന്ത്രിയുടെ പരിപാടിക്ക് കളങ്കം ചാർത്തുന്നതാണ്.
മലപ്പുറം ജില്ലയിൽ ഭീഷണിക്ക് വിധേയരാകുന്നത് സ്വകാര്യ ബസുടമകളാണ്.നവകേരള സദസ്സ് ഈ മാസം 27 മുതൽ 30 വരെ 16 കേന്ദ്രങ്ങളിലായാണ് ജില്ലയിൽ നടക്കുന്നത്.ഈ ദിവസങ്ങളിൽ സദസ്സുകളിലേക്ക് ആളുകളെ എത്തിക്കാൻ ബസുകൾ സൗജന്യമായി വിട്ടുകൊടുക്കണമെന്നാണ് സംഘാടനകർ ബസുടമകളോട് ആവശ്യപ്പെട്ടിരിക്കുന്നത്.ഇക്കാര്യത്തിൽ കടുത്ത സമ്മർദമാണുള്ളതെന്ന് ബസുടമകൾ പറയുന്നു.ഇന്ധന വിലവർധനയും നികുതി ഭാരവും കാരണം ഇപ്പോൾ തന്നെ സാമ്പത്തിക പ്രതിസന്ധിയിലായ തങ്ങളെ പാപ്പരാക്കാനാണ് സർക്കാരിന്റെ നീക്കമെന്നാണ് ബസുടമകളുടെ പരാതി.മുമ്പ് തെരഞ്ഞെടുപ്പ് കാലത്ത് ബസുകൾ വിട്ടു കൊടുത്ത വകയിൽ ഇപ്പോഴും ബസുടമകൾക്ക് കുടിശ്ശിഖ കിട്ടാനുണ്ട്.ഇതിന്റ് കാര്യത്തിൽ തീരുമാനമാക്കാതെ വീണ്ടും സൗജന്യ സേവനം തേടുന്നത് അംഗീകരിക്കാനാകില്ലെന്ന് അവർ തുറന്നടിച്ചിട്ടുണ്ട്.സ്വകാര്യ ബസുകളെ ഒഴിവാക്കി കെ.എസ്.ആർ.ടി.സി ബസുകൾ ഈ ആവശ്യത്തിന് ഉപയോഗിച്ചു കൂടെ എന്ന ചോദ്യവും അവർ ഉയർത്തുന്നുണ്ട്.സാമ്പത്തികമായി ഞെരുങ്ങുന്ന കെ.എസ്.ആർ.ടി.സിയെ ഇതിന് കൂടി ഉപയോഗിച്ചാൽ സർക്കാരിന് വിമർശനങ്ങളെ നേരിടാനാകില്ലെന്ന തിരിച്ചറിവു മൂലം സംഘാടകർ കെ.എസ്.ആർ.ടി.സിയെ സമീപിച്ചിട്ടില്ല.
യു.ഡി.എഫിന് മേൽക്കൈയുള്ള മലപ്പുറം ജില്ലയിൽ നവകേരള സദസ്സ് എത്രമാത്രം വിജയിപ്പിക്കാനാകുമെന്ന ആശങ്ക സംഘാടകർക്കുണ്ട്.ഓരോ മണ്ഡലങ്ങളിലും മുഖ്യമന്ത്രി എത്തുന്നതിനാൽ സ്ഥലം എം.എൽ.എമാരെയാണ് സംഘാടക സമിതി ചെയർമാൻമാരായി വെച്ചിട്ടുള്ളത്.യു.ഡി.എഫ് എം.എൽ.എമാർ ഈ പരിപാടിയിൽ പങ്കെടുക്കില്ലെന്നറിയിച്ചിരിക്കുകയാണ്.ഈ ഭീഷണി മുന്നിൽ കണ്ട് മുൻ എം.എൽ.എമാരെ സംഘാടക സമിതിയുടെ മുൻനിരയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഇതുവരെ ഒരു തെരഞ്ഞെടുപ്പിലും ഇടതുമുന്നണി വിജയിക്കാത്ത മണ്ഡലങ്ങളിൽ ഈ പ്രതിസന്ധി പരിഹരിക്കാൻ സംഘാടകർ കുഴയും.
അധികാരം താഴെ തട്ടിലേക്ക് എത്തുന്നുവെന്ന സന്ദേശമാണ് പിണറായി വിജയൻ നയിക്കുന്ന നവകേരള സദസ്സ് മുന്നോട്ടു വെക്കുന്നത്.ജനങ്ങളെ ഒപ്പം നിർത്തുകയും അവരുടെ പ്രശ്‌നങ്ങളെ കേട്ട് വേഗത്തിൽ പരിഹരിക്കുകയും ചെയ്യുകയെന്നത് ജനാധിപത്യത്തെ ശക്തിപ്പെടുത്തും.അതേസമയം, ഭീഷണിയിലൂടെയും സമ്മർദങ്ങളിലൂടെയും ജനസമ്പർക്കം വിജയിപ്പിക്കാൻ ശ്രമിക്കുന്നത് വെളുക്കാൻ തേച്ചത് പാണ്ടായി മാറ്റും. 'അറസ്റ്റ്' ചെയ്തു കൊണ്ടുവരുന്ന കാഴ്ചക്കാരെയല്ല ഇത്തരമൊരു പരിപാടിക്ക് ആവശ്യം.ജീവൽപ്രശ്‌നങ്ങൾ ഉന്നയിച്ചാൽ അത് പരിഹരിച്ചു കൊടുക്കാൻ തയാറുള്ള സർക്കാരാണ് ഇതെന്ന വിശ്വാസമാണ് ആവശ്യം.

Latest News