ജിദ്ദ - പ്രാദേശിക വിപണിയിൽ ഉരുളക്കിഴങ്ങ് വില കുതിച്ചുയരുന്നു. ഉരുളക്കിഴങ്ങ് വില 130 ശതമാനം വരെ ഉയർന്നിട്ടുണ്ട്. ഒന്നര കിലോ മുതൽ രണ്ടു കിലോ വരെ തൂക്കമുളള ഉരുളക്കിഴങ്ങ് കീസ് എട്ടു റിയാലിനും രണ്ടര കിലോ മുതൽ മൂന്നു കിലോ വരെ തൂക്കമുള്ള ഉരുളക്കിഴങ്ങ് ചാക്ക് 12 റിയാലിനുമാണ് ഇപ്പോൾ വിൽക്കുന്നത്. നേരത്തെ ഒന്നര കിലോ മുതൽ രണ്ടു കിലോ വരെ തൂക്കമുളള ഉരുളക്കിഴങ്ങ് കീസ് മൂന്നു റിയാലിനും രണ്ടര കിലോ മുതൽ മൂന്നു കിലോ വരെ തൂക്കമുള്ള ഉരുളക്കിഴങ്ങ് ചാക്ക് അഞ്ചു റിയാലിനുമാണ് വിറ്റിരുന്നത്. ചൂട് കുറഞ്ഞതും ഉരുളക്കിഴങ്ങ് ഉൽപാദിപ്പിക്കുന്ന പ്രദേശങ്ങളിൽ മഴ വർധിച്ചതും വിളവെടുപ്പിനെ ബാധിച്ചതാണ് വില ഉയരാൻ ഇടയാക്കിയതെന്ന് ജിദ്ദ സെൻട്രൽ പച്ചക്കറി മാർക്കറ്റിലെ വ്യാപാരികൾ പറയുന്നു.
ഏറ്റവുമധികം ഉരുളക്കിഴങ്ങ് എത്തിക്കാൻ തങ്ങൾ ആശ്രയിക്കുന്ന ഹായിൽ പ്രവിശ്യയിൽ മഴ വർധിച്ചത് വിളവെടുപ്പിനെ ബാധിക്കുകയാണെന്നും ഇതാണ് വില ഉയരാൻ കാരണമെന്നും പച്ചക്കറി മാർക്കറ്റിലെ മൊത്ത വ്യാപാരികളിൽ ഒരാളായ സൽമാൻ അൽറശീദി പറഞ്ഞു. മൊത്ത വ്യാപാരികൾക്ക് ലഭിക്കുന്ന ഉരുളക്കിഴങ്ങിന്റെ വിലയും വർധിച്ചിട്ടുണ്ട്. നേരത്തെ മൊത്ത വ്യാപാരികൾക്ക് ഒരു റിയാലിൽ കവിയാത്ത നിരക്കിലാണ് ചെറിയ ഉരുളക്കിഴങ്ങ് കീസ് ലഭിച്ചിരുന്നത്. ഇത് സാദാ ഉപയോക്താക്കൾക്ക് രണ്ടര റിയാലിനും മൂന്നു റിയാലിനുമാണ് വിൽപന നടത്തിയിരുന്നത്. ഇപ്പോൾ തങ്ങൾക്കും ഉയർന്ന വിലക്കാണ് ഉരുളക്കിഴങ്ങ് ലഭിക്കുന്നത്. അതുകൊണ്ടു തന്നെ വില ഉയർത്താൻ തങ്ങൾ നിർബന്ധിതരാവുകയാണെന്ന് സൽമാൻ അൽറശീദി പറഞ്ഞു.
ശൈത്യകാലത്തിന് തുടക്കമായതോടെ മൊത്തത്തിൽ എല്ലാ പച്ചക്കറികളുടെയും വില ഉയരാൻ തുടങ്ങിയിട്ടുണ്ടെന്ന് സെൻട്രൽ പച്ചക്കറി മാർക്കറ്റിലെ ഇടപാടുകാരനായ അഹ്മദ് അൽഹലബി പറഞ്ഞു. ഉരുളക്കിഴങ്ങ് വിലയിൽ എല്ലാ കാലത്തും ഏറ്റക്കുറച്ചിലുകൾ പതിവാണ്. ഇപ്പോൾ ചാക്കിന്റെ വലിപ്പ വ്യത്യാസത്തിനനുസരിച്ച് എട്ടു മുതൽ പന്ത്രണ്ടു റിയാലിന് വരെയാണ് സാദാ ഉപയോക്താക്കൾക്ക് ഉരുളക്കിഴങ്ങ് വിൽക്കുന്നത്. നേരത്തെ ഇതിന്റെ വില അഞ്ചു റിയാൽ കവിയില്ലായിരുന്നെന്നും അഹ്മദ് അൽഹലബി പറഞ്ഞു. ലഭ്യത കുറയുകയും വില ഉയരുകയും ചെയ്തതോടെ ജിദ്ദ സെൻട്രൽ പച്ചക്കറി മാർക്കറ്റിൽ വിൽപനക്ക് പ്രദർശിപ്പിക്കുന്ന ഉരുളക്കിഴങ്ങ് ശേഖരവും കുറഞ്ഞിട്ടുണ്ട്. നൂറു കണക്കിന് ചാക്ക് ഉരുളക്കിഴങ്ങ് വിൽപനക്ക് സൂക്ഷിച്ചിരുന്ന സ്റ്റാളുകളിലെല്ലാം ഇപ്പോൾ വിരലിലെണ്ണാവുന്നത്ര ചാക്ക് ഉരുളക്കിഴങ്ങാണ് വിൽപനക്കുള്ളത്.