മുംബൈ- മഹാരാഷ്ട്ര പോലീസ് ഭീകരവിരുദ്ധ സംഘം (എ.ടി.എസ്) സംസ്ഥാനത്ത് പലയിടത്തായി നടത്തിയ റെയ്ഡുകളില്‍ രണ്ട് ഹിന്ദുത്വ തീവ്രവാദികളേയും വന്‍ സ്‌ഫോടക ശേഖരവും പിടികൂടി. തീവ്രഹിന്ദുത്വ ഭീകര സംഘടനയായ സനാതന്‍ സന്‍സ്ഥ, ഹിന്ദു ഗോവംശ രക്ഷാ സമിതി എന്നീ സംഘടകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വൈഭവ് റാവത്തിനെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് എ.ടി.എസ് പല്‍ഗഡ് നല്ലസോപാറയില്‍ വീട്ടില്‍ നിന്നും വന്‍ ബോംബ് ശേഖരവുമായി പിടികൂടിയത്. ഇയാളെ മുംബൈയില്‍ എത്തിച്ചു ചോദ്യം ചെയ്തു വരികയാണ്. പുനെ, പല്‍ഗഡ് എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡിനിടെയാണ് മറ്റു രണ്ടു പേരെ
കസ്റ്റഡിയിലെടുത്തത്. ഔറംഗാബാദ് അടക്കമുള്ള മറ്റിടങ്ങളിലും എ.ടി.എസിന്റെ പ്രത്യേക പോലീസ് സംഘം വ്യാപക റെയ്ഡുകള്‍ നടത്തി.
എട്ടു നാടന്‍ ബോംബുകളും ബോംബു നിര്‍മ്മാണ സാമഗ്രികളും വെടിമരുന്ന്, ഡിറ്റനേറ്റര്‍ തുടങ്ങിയവുടെ വലിയ ശേഖരമാണ് വൈഭവിന്റെ വീട്ടില്‍ നിന്ന് എ.ടി.എസ് പിടിച്ചെടുത്തത്. വിദ്വേഷം പടര്‍ത്തുന്ന പ്രസിദ്ധീകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. വിശദ പരിശോധനകള്‍ക്കായി സ്‌ഫോടക വസ്തുക്കള്‍ മുംബൈ ഫോറന്‍സിക് സയന്‍സ് ലാബിന് കൈമാറിയിരിക്കുകയാണ്. വൈഭവ് റാവത്ത് എവിടെ നിന്നാണ് ഈ സ്‌ഫോടക വസ്തുക്കള്‍ സ്വന്തമാക്കിയതെന്നും എന്താവശ്യത്തിനാണ് ഇവ ശേഖരിച്ചിരുന്നതെന്നും അന്വേഷിക്കുന്നതിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്ന് ഉന്നത പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതാനും ദിവസങ്ങളായി വൈഭവ് എടിഎസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നുവെന്നും പോലീസ് വൃത്തങ്ങള്‍ പറയുന്നു.
2007ലെ വാഷി, താനെ, പന്‍വേല്‍ സ്‌ഫോടനക്കേസുകളിലും 2009ലെ ഗോവ സ്‌ഫോടനക്കേസുകളിലും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകരെ മുമ്പും അറസ്റ്റ് ചെയ്തിരുന്നു. 2013ലെ നരേന്ദര ദബോല്‍ക്കര്‍ വധക്കേസിലും 2015ലെ ഗോവിന്ദ് പന്‍സാരെ, എം.എം കല്‍ബുര്‍ഗി കൊലക്കേസിലും 2017ലെ ഗൗരി ലങ്കേഷ് വധക്കേസിലും സനാതന്‍ സന്‍സ്ഥ എന്ന ഹിന്ദുത്വ ഭീകരസംഘടനാ പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്.
അതേസമയം വൈഭവ് ഹിന്ദുത്വ പ്രവര്‍ത്തകനാണെങ്കിലും സനാതന്‍ സന്‍സ്ഥ അംഗമല്ലെന്ന് സംഘടനയുടെ അഭിഭാഷകന്‍ സഞ്ജീവ് പുനെലികര്‍ പറഞ്ഞു. ബീഫ് നിരോധന കേസുമായി ബന്ധപ്പെട്ട് നേരത്തെ പോലീസ് പിടിയിലായിരുന്ന ആളാണ് വൈഭവെന്നും അദ്ദേഹം പറയുന്നു. അദ്ദേഹം സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചുവെന്ന പോലീസിന്റെ വാദത്തില്‍ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുത്വ തീവ്രവാദികളുടെ അറസ്റ്റ് രണ്ടാം മാലേഗാവ് എന്നു വിശേഷിപ്പിച്ച് ഹിന്ദു ജനജാഗ്രതി സമിതി എന്ന മറ്റൊരു ഹിന്ദുത്വ സംഘടനയും രംഗത്തെത്തിയിട്ടുണ്ട്. മാലേഗാവിലെ മുസ്ലിം പ്രദേശത്ത് സ്‌ഫോടനങ്ങള്‍ നടത്തിയ കേസില്‍ നേരത്തെ ഹിന്ദുത്വ തീവ്രവാദികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുസമാനമാണ് ഹിന്ദുത്വവാദികളെ അറസ്റ്റ് ചെയ്യുന്നതെന്നും ഇവര്‍ ഇറക്കിയ കുറിപ്പില്‍ പറയുന്നു. വൈഭവ് റാവത്ത് ഗോസംരക്ഷണ പ്രവര്‍ത്തന രംഗത്ത് സജീവമായ ആളാണെന്നും ഇവര്‍ പറയുന്നു.