ഡൽഹി - നിരപരാധികളായ ഫലസ്തീനികൾക്കു നേരെയുള്ള ഇസ്രായിലിന്റെ നരമേധത്തെ തുടർന്ന് ഗാസയിൽ പിടഞ്ഞുവീഴുന്നവർക്കായി പള്ളികളിൽ പ്രാർത്ഥന പാടില്ലെന്ന വിചിത്ര ഉത്തരവുമായി ഡൽഹി പോലീസ്.
പള്ളിയിൽ ഫലസ്തീനു വേണ്ടി പ്രാർത്ഥിക്കരുതെന്ന് പള്ളി ഇമാമുമാരോട് പോലീസ് നിർദേശിച്ചതായി ഇങ്ക്വിലാബ് എന്ന ഉർദു പത്രം റിപോർട്ട് ചെയ്തു. ഫലസ്തീന്റെ പേരു തന്നെ പ്രസംഗങ്ങളിൽ പരാമർശിക്കരുതെന്നും പോലീസ് നോട്ടിസിലുണ്ട്. ജുമുഅ ദിവസത്തിൽ അടക്കം ഫലസ്തീനു വേണ്ടിയുള്ള പ്രസംഗത്തിനും പ്രാർത്ഥനയ്ക്കും വിലക്കുണ്ടന്നും നിർദേശം ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും ഇങ്ക്വിലാബ് റിപോർട്ട് ചെയ്തു.
പോലീസ് ഉത്തരവിനെതിരെ സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്ന മത, രാഷ്ട്രീയ സംഘടനാ നേതാക്കളെല്ലാം രൂക്ഷ പ്രതികരണവുമായി രംഗത്തുവന്നിട്ടുണ്ട്.