തിരുവനന്തപുരം - യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി രാഹുൽ മാങ്കൂട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. 2,21,986 വോട്ടാണ് രാഹുൽ നേടിയത്. അബിൻ വർക്കിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. 1,68,588 വോട്ടാണ് അബിൻ നേടിയത്. ഇതോടെ അബിൻ യൂത്ത് കോൺഗ്രസിന്റെ വൈസ് പ്രസിഡന്റാകും. വനിതകൾ ഉൾപ്പെടെ മറ്റു സഹഭാരവാഹികളുടെ അടക്കം ഔദ്യോഗിക പ്രഖ്യാപനം കേന്ദ്ര നേതൃത്വത്തിൽനിന്ന് ഉണ്ടാവുമെന്നാണ് വിവരം.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടുമാസത്തിന് ശേഷമാണ് ഫലം പുറത്തുവന്നത്. രാഹുൽ എ ഗ്രൂപ്പിന്റെയും അബിൻ ഐ ഗ്രൂപ്പിന്റെയും ശക്തമായ പിന്തുണയിലാണ് മത്സരിച്ചത്. സംഘടനയെ കുടൂതൽ മികവോടെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകുമെന്ന് തെരഞ്ഞെടുക്കപ്പെട്ട ഇരു ഭാരവാഹികളും മാധ്യമങ്ങളോട് പ്രതികരിച്ചു. നാമനിർദേശത്തിന് അപ്പുറം താഴെ തലം തൊട്ടുള്ള ശക്തമായ തെരഞ്ഞെടുപ്പിലൂടെയാണ് യുത്ത് കോൺഗ്രസിന് പുതിയ കമ്മിറ്റി നിലവിൽ വന്നത്. അഞ്ചുലക്ഷത്തിൽ പരം പേരാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്.