ഡെറാഡൂണ്‍ - ഉത്തരാഖണ്ഡിലുണ്ടായ തുരങ്ക അപകടത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള തീവ്രശ്രമങ്ങള്‍ നടക്കുന്നതിനിടെ സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. അന്വേഷണത്തിനായി വിദഗ്ധരടക്കം ആറംഗ സംഘത്തെയാണ് നിയോഗിച്ചത്. തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുളള ദൗത്യം തുടരുകയാണ്. തുരങ്കകവാടത്തിലുണ്ടായ മണ്ണിടിച്ചിലായിരുന്നു അപകട കാരണം. 60 മീറ്ററോളമുളള അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുളള ശ്രമങ്ങള്‍ ഉപേക്ഷിക്കുമെന്നാണ് ദൗത്യ സംഘം നല്‍കുന്ന സൂചന. തുടര്‍ച്ചയായി മണ്ണിടിയുന്നതാണ് ദൗത്യം ദുഷ്‌കരമാക്കിയത്. ഇത് തടയാന്‍ വശങ്ങളിലും മുകളിലുമായി കോണ്ക്രീറ്റ് ചെയ്തുറപ്പിക്കുകയാണ് ദൗത്യ സംഘം . 40 പേരാണ് തുരങ്കത്തിനുള്ളില്‍ കുടുങ്ങികിടക്കുന്നത്. താത്കാലികമായി ഓക്്‌സിജന്‍ പൈപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. ഭക്ഷണവും വെളളവും ഉറപ്പു വരുത്തിയതായും തൊഴിലാളികളുമായി ആശയവിനിമയം നടത്തിയതായും അധികൃതര്‍ അറിയിച്ചു. തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നയിടത്തേക്ക് സ്റ്റീല്‍ പൈപ്പുകളെത്തിക്കാനുളള ശ്രമങ്ങളും തുടരുകയാണ്. പൈപ്പുകളിലൂടെ തൊഴിലാളികളെ പുറത്തെത്തിക്കാനാണ് പുതിയ നീക്കം. ദേശീയ -സംസ്ഥാന ദുരന്തനിവാരണ സേനയും പോലീസുമടങ്ങുന്ന 200 പേരിലധികമുളള സംഘമാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്.