Sorry, you need to enable JavaScript to visit this website.

കാണാതാകുന്നതിനു മുമ്പ് സൈനബയെ വിളിച്ചിരുന്നുവെന്ന് ഭര്‍ത്താവ്; സ്വര്‍ണവും പണവും ഉണ്ടായിരുന്നു

കോഴിക്കോട്-കുറ്റിക്കാട്ടൂരില്‍നിന്ന് കാണാതായ സൈനബയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കാണാതാകുന്ന സമയത്ത് സൈനബയുടെ ശരീരത്തില്‍ പതിനേഴര പവന്‍ സ്വര്‍ണവും കൈവശം മൂന്നര ലക്ഷം രൂപയും ഉണ്ടായിരുന്നെന്ന് ഭര്‍ത്താവ് ജെയിംസ് എന്ന മുഹമ്മദലി. സൈനബ മരിച്ച വിവരം ജെയിംസ് അറിഞ്ഞിരുന്നില്ല. കാണാതാകുന്നതിന് മുമ്പ് സൈനബയുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും ജെംയിസ് പറഞ്ഞു.

'എനിക്ക് സെക്യൂരിറ്റി ജോലിയാണ് ഏഴാം തീയതി രാവിലെ ഞാന്‍ ഡ്യൂട്ടിക്ക് പോയി. അന്ന് വൈകുന്നേരം അഞ്ച് മണിയോടെ ഫോണില്‍ സംസാരിച്ചിരുന്നു. തുണി ഉണക്കാനിട്ടിട്ടുണ്ട് മഴ പെയ്യുന്നതിന് മുമ്പ് എടുത്തുവെക്കണം അതുകൊണ്ട് വീട്ടിലേക്ക് പോകുന്നു എന്നാണ് പറഞ്ഞത്. അതിനു ശേഷം വിളിക്കുമ്പോളെല്ലാം ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. പിറ്റേന്ന് രാവിലെ വീട്ടിലെത്തുമ്പോള്‍ വീട് പൂട്ടി കിടക്കുന്നു. ഹൗസ് ഓണറോട് ചോദിച്ചപ്പോള്‍ സൈനബ തലേന്ന് വീട്ടിലെത്തിയില്ലെന്നാണ് പറഞ്ഞത്. പിന്നാലെ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. പേരക്കുട്ടിയുടെ വിവാഹ ആവശ്യത്തിനായി കരുതിയിരുന്ന പണമാണ്. വീട്ടില്‍നിന്ന് പോകുമ്പോള്‍ ആരെങ്കിലും കട്ടെടുത്താലോ എന്ന് കരുതിയാണ് പണം കയ്യില്‍ സൂക്ഷിച്ചത്. വിവിധ ബാങ്കുകളുടെ പാസ് ബുക്കും നാലര ലക്ഷം രൂപയോളം പണം ഫിക്‌സഡ് ഡെപ്പോസിറ്റ് ചെയ്തതിന്റെ രേഖകളും കയ്യില്‍ ഉണ്ടായിരുന്നു', ജെയിംസ് പറഞ്ഞു.

നവംബര്‍ ഏഴിനാണ് സൈനബയെ കാണാതായത്. എട്ടാം തീയതി ബന്ധുക്കള്‍ കസബ സ്‌റ്റേഷനില്‍ പരാതി നല്‍കി. മിസ്സിങ് കേസില്‍ അന്വേഷണം നടത്തിവരുകയായിരുന്നു പോലീസ്. സൈനബയുടെ മൊബൈല്‍ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ സംശയാസ്പദമായ രീതിയില്‍ ഒരാളെ കണ്ടെത്തിയിരുന്നു. മലപ്പുറം സ്വദേശിയായ 54 കാരനെ ചോദ്യം ചെയ്തപ്പോളാണ് സ്വര്‍ണത്തിന് വേണ്ടി സൈനബയെ കൂട്ടിക്കൊണ്ടു പോയി കാറില്‍വെച്ച് കഴുത്ത് ഞെരിച്ച് കൊന്നു എന്ന് മൊഴി നല്‍കിയത്.

 

Latest News