Sorry, you need to enable JavaScript to visit this website.

ഗാസ യുദ്ധം; പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യക്ക് സാധിക്കും-അറബ് ലീഗ് അംബാസഡർ

ന്യൂദൽഹി- ഗാസയിൽ നടക്കുന്ന കൂട്ടക്കൊലയിൽ രാജ്യാന്തര സമൂഹം കുറ്റകരമായ മൗനം പുലർത്തുകയാണെന്ന് അറബ് ലീഗിന്റെ ഇന്ത്യൻ അംബാസഡർ യൂസഫ് മുഹമ്മദ് ജമീൽ പറഞ്ഞു. ഇന്ത്യൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് യൂസഫ് മുഹമ്മദ് ജമീൽ ഇക്കാര്യം പറഞ്ഞത്. ഗാസയിൽ നടക്കുന്ന കൂട്ടുക്കുരുതിക്ക് എതിരെ ലോകം ഒന്നും സംസാരിക്കുന്നില്ല. മാനുഷിക സഹായം പോലും ഗാസക്ക് ലഭിക്കുന്നില്ല. ഗാസയിൽ പ്രതിസന്ധി തുടങ്ങിയതു മുതൽ അറബ് ലീഗും മുസ്ലിം രാജ്യങ്ങളും പ്രശ്‌നം പരിഹരിക്കാൻ വേണ്ടി കാര്യമായി ശ്രമിക്കുന്നുണ്ട്. ഗാസയിലെ ജനങ്ങൾക്ക് ആവശ്യമായ സഹായം നൽകാൻ അറബ് ലീഗും മുസ്ലിം രാജ്യങ്ങളും മുന്നിലുണ്ട്. റിയാദിൽ അവസാനിച്ച അറബ്-മുസ്ലിം ഉച്ചകോടി പ്രമേയം യാഥാർത്ഥ്യ ബോധത്തോടെയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

ഫലസ്തീനോടുള്ള ഇന്ത്യയുടെ നിലപാടിൽ ഒരു മാറ്റവും വന്നിട്ടില്ലെന്നും ഇസ്രായിൽ-ഗാസ പ്രതിസന്ധി പരിഹരിക്കുന്നതിൽ ഇന്ത്യക്ക് കാര്യമായ പങ്കുവഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. അറബ്-മുസ്ലിം രാജ്യങ്ങളുമായി ഇന്ത്യക്ക് ചരിത്രപരമായ ബന്ധമുണ്ട്. പ്രശ്‌നം പരിഹരിക്കുന്നതിൽ ഇന്ത്യക്ക് ഇക്കാര്യത്തിൽ പ്രാദേശികവും രാജ്യാന്തരവുമായ പങ്ക് വഹിക്കാനാകും. ഇസ്രായിലുമായും അറബ് ലോകവുമായി ഇന്ത്യക്ക് മികച്ച ബന്ധമാണുള്ളത്. ഇന്ത്യ ഇക്കാര്യത്തിൽ ക്രിയാത്മകമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 

Latest News