ഗാസ സിറ്റി- ഇസ്രായില്‍ സൈനികര്‍ വളഞ്ഞിരിക്കുന്ന ഗാസയിലെ പ്രധാന ആശുപത്രിയില്‍ ഇന്ധന ക്ഷാമം കാരണം കൂടുതല്‍ പേര്‍ മരണത്തിലേക്ക്. അല്‍ ശിഫാ ഹോസ്പിറ്റലിന്റെ പ്രധാന കവാടത്തിലാണ് ഇസ്രായിലി സൈനികര്‍ നിലയുറപ്പിച്ചിരിക്കുന്നത്. ഇന്ധനക്ഷാമം കാരണം അല്‍ ശിഫ ആശുപത്രിയില്‍ മരണ സംഖ്യം 34 ആയതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ചവരില്‍ ഏഴ് നവജാത ശിശുക്കളും 27 ഐ.സി.യു രോഗികളും ഉള്‍പ്പെടുമെന്ന് ഡെപ്യൂട്ടി ആരോഗ്യ മന്ത്രി യൂസഫ് അബു റീഷ് പറഞ്ഞു.
ഇസ്രായില്‍ സൈന്യം പ്രധാന ലക്ഷ്യമാക്കിയിരിക്കുന്ന ആശുപത്രിയുടെ പ്രവര്‍ത്തനം ഏറ്റുമുട്ടലും ഇന്ധന ക്ഷാമവും കാരണം നിലച്ചിരിക്കയാണ്.
650 രോഗികള്‍ ആശുപത്രിക്കകത്തുണ്ട്. ഇവരെ മറ്റു ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നാണ് റെഡ് ക്രോസും മറ്റ് ഏജന്‍സികളും ആവശ്യപ്പെടുന്നത്. ഹമാസ് പോരാളികളുടെ ആസ്ഥാനമായ ടണലിനു മുകളിലാണ് ഈ ആശുപത്രിയെന്നാണ് ഇസ്രായില്‍ ആരോപിക്കുന്നത്. ഇവിടത്തെ രോഗികളെ ഹമാസ് മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്നും ഇസ്രായില്‍ പറയുന്നു. എന്നാല്‍ ആരോപണങ്ങള്‍ ഹമാസ് നിഷേധിച്ചു.
ആശുപത്രിയുടെ മുന്നില്‍ ടാങ്കുകള്‍ നിരന്നിരിക്കയാണെന്നും തങ്ങള്‍ പൂര്‍ണമായി ഉപരോധിക്കപ്പെട്ടിരിക്കയാണെന്നും ആശുപത്രയിലെ സര്‍ജന്‍ ഡോ. അഹമ്മദ് അല്‍ മുഖല്ലലാത്തി ടെലിഫോണില്‍ പറഞ്ഞു. ആശുപത്രിയില്‍ രോഗികളും ഡോക്ടര്‍മാരും മറ്റു സിവിലിയന്മാരുമാണ് ഉള്ളതെന്നും ആരെങ്കിലും ഇത് തടയണമെന്നും അദ്ദേഹം പറഞ്ഞു.