Sorry, you need to enable JavaScript to visit this website.

മണിപ്പൂർ മറക്കാൻ, സഭയെ കൂട്ടാൻ തന്ത്രം! ഫലസ്തീൻ ഐക്യദാർഢ്യത്തിന് ബദലായി ഹമാസ് വിരുദ്ധ റാലിയുമായി ബി.ജെ.പി

കോഴിക്കോട് - പിറന്ന മണ്ണിൽ നിലനിൽപ്പിനായി പൊരുതുന്ന ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യ റാലി നടത്തുന്ന എൽ.ഡി.എഫിനും യു.ഡി.എഫിനും മറുപടിയെന്നോണം 'ഹമാസ് തീവ്രവാദ വിരുദ്ധ റാലി'യുമായി ബി.ജെ.പി രംഗത്ത്. നിരപരാധികളായ ഫലസ്തീനികളെ കൂട്ടക്കശാപ്പ് നടത്തുന്ന ഇസ്രായിൽ അധിനിവേശ ശക്തികൾക്ക് പിന്തുണയുമായി കേരളത്തിലെ നാലിടത്ത് റാലിയും സംഗമങ്ങളും നടത്താനാണ് ബി.ജെ.പി തീരുമാനം.
 പത്തനംതിട്ട, കൊച്ചി, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് റാലിയും സംഗമവും നടക്കുക. കേന്ദ്രമന്ത്രിമാരടക്കം പങ്കെടുക്കുന്ന പരിപാടികളിൽ ക്രിസ്ത്യൻ സഭാ പ്രതിനിധികളെ കൂടി എത്തിക്കാനാണ് ശ്രമം. മണിപ്പൂരിലെ തീ ഹമാസ് വഴി അണച്ച് സഭാ വിശ്വാസികളെ സ്വാധീനിക്കാനാണ് ബി.ജെ.പിയുടെ പദ്ധതി.
 പശ്ചിമേഷ്യ കത്തുമ്പോൾ സംസ്ഥാനത്ത് ഇരു മുന്നണികളും വിവിധ സംഘടനകളും പാർട്ടികളുമെല്ലാം ഫലസ്തീൻ ജനതയ്ക്ക് ഒപ്പം നിൽക്കുമ്പോൾ ഹമാസിന്റെ ആക്രമണമാണ് എല്ലാറ്റിനും കാരണമെന്നാണ് ബി.ജെ.പിയുടെ ആരോപണം. മണിപ്പൂർ കലാപത്തിൽ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കിടയിലുണ്ടായ കനൽ തീവ്രവാദ വിരുദ്ധറാലി വഴി അനുകൂലമാക്കാനാകുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. ഹമാസിനെതിരെ കടുപ്പിക്കുന്നതിനൊപ്പം യു.ഡി.എഫും എൽ.ഡി.എഫും തീവ്രവാദികൾക്കൊപ്പമാണെന്ന് വരുത്തി തീർക്കാനും ബി.ജെ.പി കിണഞ്ഞ ശ്രമമാണ് തുടരുന്നത്. ഹമാസ് വിരുദ്ധ റാലിക്ക് പിന്നാലെ ക്രിസ്മസ് കാലത്ത് കേക്കുമായി വീണ്ടും സഭാ വിശ്വാസികളിലേക്ക് പാലമിടാനും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കേരളത്തിൽ എത്തിക്കാനും ബി.ജെ.പിക്ക് പരിപാടിയുണ്ട്.

Latest News