തിരുവനന്തപുരം - കണക്ക് ചോദിച്ചാല്‍ മറുപടി പറയാന്‍ കഴിയാത്ത മന്ത്രിമാരാണ് കേരളത്തിലേതെന്നും ജനങ്ങള്‍ സഹികെട്ടാല്‍ പ്രതികരിക്കുമെന്ന കാര്യത്തില്‍ സര്‍ക്കാറിന് സംശയം വേണ്ടെന്നും കേന്ദ്രമന്ത്രി വി.മുരളീധരന്‍. ദല്‍ഹിയില്‍ ധര്‍ണ നടത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെയും കേന്ദ്രമന്ത്രി വി മുരളീധരന്‍ പരിഹസിച്ചു. ധര്‍ണ്ണ ഇരുന്നാല്‍ കിട്ടാനുള്ള പണം കിട്ടില്ല. അതിന് അപേക്ഷ കൃത്യമായി നല്‍കണം. മാനദണ്ഡം പുതുക്കിയത് അറിയില്ലെങ്കില്‍ ഭരിക്കാന്‍ ഇരിക്കരുതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. കേരളത്തില്‍ നികുതി പിരിവ് നടക്കുന്നില്ല എന്നതാണ് സത്യം. നികുതി പിരിവ് എടുക്കേണ്ട ആളുകളില്‍ നിന്ന് സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങുകയാണ്. താന്‍ ഉന്നയിച്ച കണക്കുകളില്‍ ധനമന്ത്രി മറുപടി പറയണം. കുട്ടനാട്ടിലെ കര്‍ഷക ആത്മഹത്യയിലും അദ്ദേഹം എല്‍ ഡി എഫ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. പരാജയപ്പെട്ടെന്ന് കുറിപ്പെഴുതി, ജീവനൊടുക്കിയ കര്‍ഷകനെ ശരിക്കും പരാജയപ്പെടുത്തിയത് പിണറായി വിജയനാണെന്നും വി. മുരളീധരന്‍ പറഞ്ഞു.