കോയമ്പത്തൂര്‍- തമിഴ്‌നാട്ടില്‍ നീലഗിരി കൂനൂരിന് സമീപം വീട്ടില്‍ കയറിയ പുലി 26 മണിക്കൂറിനുശേഷം ഇറങ്ങിപ്പോയി. ദീപാവലിയ്ക്ക് പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട് ഭയന്നാണ് പുലി വീട്ടില്‍ തന്നെ മണിക്കൂറുകളോളം തുടര്‍ന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. തെരുവുനായയെ പിടികൂടാന്‍ പിന്നാലെ പാഞ്ഞ പുലി അബദ്ധത്തില്‍ വീടിനകത്ത് കയറുകയായിരുന്നു.
26 മണിക്കൂര്‍ നേരം വീട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷമാണ് പുലി വീട് വിട്ടുപോയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്ന് മണിക്ക് വീട്ടുകാര്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് പുലി വീട്ടിനുള്ളില്‍ കയറിയത്. പുലിയെ പിടികൂടാനുള്ള ശ്രമത്തിനിടെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് അടക്കം പരിക്കേറ്റിരുന്നു.
വീടിനുള്ളില്‍ പുലിയെ കണ്ട് മുറിക്കകത്ത് കയറി വാതിലടച്ച വീട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. വീട്ടുകാരെ സുരക്ഷിതമായി പുറത്തിറക്കി പുലിയെ പിടികൂടാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് പുലി തന്നെ ഒടുവില്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയത്.
പുലിയെ നിരീക്ഷിക്കാന്‍ വീടിനും ചുറ്റിലും സിസിടിവി സ്ഥാപിച്ചിരുന്നു. അടുത്തിടെ കൂനൂരിലെ ജനവാസകേന്ദ്രത്തില്‍ പുലി ഇറങ്ങിയ നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
#WATCH | Tamil Nadu: A leopard entered a house in the Coonoor's Brooklands area, in Nilgiri. pic.twitter.com/bPbh7tW91F
— ANI (@ANI) November 13, 2023