Sorry, you need to enable JavaScript to visit this website.

ശ്രീലങ്കയിലേക്ക് 6000 രൂപ ചെലവില്‍  ആഡംബര കപ്പലില്‍ യാത്ര ചെയ്യാം 

തിരുവനന്തപുരം- തൂത്തുക്കുടിയില്‍ നിന്ന് ശ്രീലങ്കയിലെ കാങ്കേശന്തുറൈയിലേക്കുള്ള ആഡംബര കപ്പല്‍ സര്‍വീസ് ജനുവരിയില്‍ തുടങ്ങും. ദുബായ് ആസ്ഥാനമായ സ്വകാര്യ കമ്പനിയാണ് സര്‍വീസ് നടത്തുന്നത്. മുംബയ് വി.ഒ.ചിദംബരനാര്‍ പോര്‍ട്ട് ട്രസ്റ്റില്‍ നടന്ന ഗ്ലോബല്‍ മാരിടൈം ഉച്ചകോടിയില്‍ കപ്പല്‍ സര്‍വീസ് നടത്തുന്നതിനുള്ള കരാര്‍ ഒപ്പിട്ടു. രാമേശ്വരത്തു നിന്ന് തുത്തുക്കുടി വഴി കന്യാകുമാരിയിലേക്ക് കപ്പല്‍ സര്‍വീസ് നടത്തുന്നതും പരിഗണനയിലുണ്ട്. രണ്ടാം തവണയാണ് തൂത്തുക്കുടി - ശ്രീലങ്ക കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നത്. 2011 ല്‍ അന്നത്തെ കേന്ദ്രമന്ത്രിയായിരുന്ന ജി.കെ.വാസനാണ് സര്‍വീസ് ഉദ്ഘാടനം ചെയ്തത്. സ്‌ക്കോട്ടിയ പ്രിന്‍സ് എന്ന ആഡംബര കപ്പലായിരുന്നു അന്ന് കടലിലിറക്കിയത്. സര്‍വ്വീസ് ആറു മാസമേ നിലനിന്നുള്ളൂ.തൂത്തുക്കുടിയില്‍ നിന്നു 120 നോട്ടിക്കല്‍ മൈല്‍ ദൂരമാണ് ശ്രീലങ്കയിലേക്കുള്ളത്. രാവിലെ പുറപ്പെടുന്ന കപ്പല്‍ ഉച്ചയ്ക്ക് കാങ്കേശന്തുറൈ തീരത്തെത്തും. ഉച്ചയ്ക്കുശേഷം മടക്കയാത്ര. 6000 രൂപയുടെ ഇക്കോണമി ക്ലാസില്‍ 350 പേര്‍ക്കും 12,000 രൂപയുടെ ബിസിനസ് ക്ലാസില്‍ 50 പേര്‍ക്കും യാത്രചെയ്യാം. 40 കാറുകള്‍, 28 ബസുകള്‍ എന്നിവയും കപ്പലില്‍ കയറ്റാം. സ്വന്തം വാഹനത്തിലെത്തുന്നവര്‍ക്ക് ശ്രീലങ്കയിലെ യാത്രയ്ക്ക് അത് ഉപയോഗിക്കാനാവും. ഒരു യാത്രക്കാരന് 80 കിലോ വസ്തുക്കള്‍ കപ്പലില്‍ കയറ്റാം.ഡ്യൂട്ടി ഫ്രീഷോപ്പ്, ഹോട്ടല്‍, വിനോദകേന്ദ്രം എന്നിവയും കപ്പലിലുണ്ടാകും. യാത്രയ്ക്ക് വിസ, പാസ്പോര്‍ട്ട് എന്നിവ നിര്‍ബന്ധമാണ്. യാത്രാക്കപ്പല്‍ അടുത്ത മാസം തൂത്തുക്കുടിയിലെത്തും. രണ്ടാം ഘട്ടമായി തുടങ്ങുന്ന രാമേശ്വരം - കന്യാകുമാരി സര്‍വീസ് ശ്രീലങ്കയിലേക്ക് നീട്ടാനും ആലോചനയുണ്ട്.
 

Latest News