ന്യൂദല്‍ഹി- ദീപാവലി ആഘോഷം കഴിഞ്ഞതോടെ ദല്‍ഹിയിലെയും പരിസര പ്രദേശങ്ങളിലെയും വായു മലിനീകരണം കൂടുതല്‍ രൂക്ഷമായി. വായു ഗുണനിലവാര സൂചികയില്‍ വലിയ വര്‍ദ്ധനമാണ് ദീപാവലി ആഘോഷത്തിന് ശേഷം രേഖപ്പെടുത്തിയത്. ജഹാംഗീര്‍പുരി, ആര്‍കെ പുരം, ഓഖ്ല, ശ്രീനിവാസ്പുരി, ആനന്ദ് വിഹാര്‍, വസീര്‍പൂര്‍, ബവാന, രോഹിണി എന്നിവിടങ്ങളില്‍ എക്യുഐ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.
ദീപാവലി ദിനമായ ഞായറാഴ്ച ദല്‍ഹിയില്‍ തെളിഞ്ഞ ആകാശമായിരുന്നു. ജനങ്ങള്‍ക്ക് ശ്വസിക്കുവാനും വലിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. എന്നാല്‍ ആഘോഷം കഴിഞ്ഞ് രാത്രിയായതോടെ അന്തരീക്ഷം മോശമാകുകയായിരുന്നു. ചൂട് കുറഞ്ഞതോടെ അന്തരീക്ഷ മലിനീകരണത്തോത് വര്‍ദ്ധിക്കുകയായിരുന്നു.
കര്‍ശന നിരോധനങ്ങളോടെയാണ് ഇത്തവണ ദല്‍ഹി ദീപാവലി ആഘോഷിച്ചത്. പടക്കങ്ങള്‍ ഉണ്ടാക്കുന്നതിനും സൂക്ഷിക്കുന്നതിനും വില്‍ക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പല ഭാഗങ്ങളിലും ഈ നിയന്ത്രണം പാളിപ്പോയി. ദീപാവലി ദിനത്തില്‍ വ്യാപകമായ പടക്കം പൊട്ടിച്ചതാണ് വായു മലിനീകരണം രൂക്ഷമാകാന്‍ ഇടയാക്കിയത്.