മംഗളുരു- കര്‍ണാടകയിലെ ഉഡുപ്പിയില്‍ വീട്ടിലേക്ക് ഓടിക്കയറിയ അജ്ഞാതന്‍ മാതാവിനേയും മൂന്നുമക്കളെയും കുത്തിക്കൊന്നു. ഹസീന (46), മക്കളായ അഫ്‌സാൻ (23) മകള്‍ അയിനാസ് (21), അസീം (14) എന്നിവരാണു അതിക്രൂരമായി കൊല്ലപ്പെട്ടത്. മാല്‍പെ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ നെജ്ജറിലാണ് നാടിനെ നടുക്കിയ സംഭവം. രാവിലെ ഒമ്പത് മണിയോടെയായിരുന്നു അജ്ഞാതന്റെ കൊടും ക്രൂരത.
ഹസീനയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ് ജോലി ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു. വീട്ടില്‍ കവര്‍ച്ച് നടന്നിട്ടില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. കൂട്ടക്കൊലയുടെ കാരണം അറിവായിട്ടില്ല. ഹസീനയുടെ ഭര്‍തൃമതാവ് കുത്തേറ്റ പരിക്കുകളോടെ ആശുപത്രിയിലാണ്.
തൃപ്തി നഗറിലെ വീട്ടിലേക്ക് ഓടിക്കയറിയ അക്രമി മാതാവിനേയും മൂന്ന് മക്കളേയും കുത്തി വീഴ്ത്തുകയായിരുന്നു. ഓട്ടോറിക്ഷയിലാണ് ഇയാളെത്തിയതെന്ന് പറയുന്നു. മുഖംമൂടി ധരിച്ചെത്തിയ അക്രമി വീട്ടിനുള്ളില്‍ കടന്നു ഹസീനയെയും രണ്ടു മക്കളേയും ആക്രമിക്കുകയായിരുന്നു.
ഈ സമയത്ത് വീടിനു പുറത്തുണ്ടായിരുന്ന ഇളയ മകന്‍ അസീം നിലവിളി കേട്ടാണ് വീട്ടിലേക്ക് ഓടിക്കയറിയത്. പിന്നാലെ അസീമിനെയും കൊലയാളി കുത്തി. പരിക്കേറ്റ മാതാവും മക്കളും ആശുപത്രിയില്‍ എത്തിക്കുന്നതിനു മുന്‍പ് തന്നെ മരിച്ചു.
സമീപ പ്രദേശമായ സന്തേക്കാട്ടില്‍ നിന്നാണ് അക്രമി ഓട്ടോറിക്ഷയില്‍ വന്നതെന്നാണ് വിവരം. കൃത്യം നടത്തിയ ശേഷം രക്ഷപ്പെട്ട ഇയാള്‍ക്കായി മാല്‍പെ പോലീസ് വ്യാപക തിരച്ചില്‍ തുടരുകയാണ്.