ട്രിച്ചി-തമിഴ്‌നാട്ടിലെ ട്രിച്ചിയില്‍ യുവാവ് കൊല്ലപ്പെട്ട കേസില്‍
26 കാരി ഭാര്യയേയും 23 വയസ്സായ കാമുകനേയും പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിനു സഹായിച്ച മൂന്ന് കൂട്ടാളികളും പടിയിലായി.
പൂക്കച്ചവടക്കാരനായ പ്രഭുവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ വിനോദിനിയേയും ഭാരതി എന്ന 23 കാരനെയുമാണ് തമിഴ്‌നാട്ടിലെ ട്രിച്ചി പോലീസ് അറസ്റ്റ് ചെയ്തത്.
വിവാഹേതര ബന്ധത്തെ കുറിച്ച് പ്രഭു വിനോദിനിയെ ചോദ്യം ചെയ്തതാണ് കൊലപാതകം ആസൂത്രണം ചെയ്യാന്‍ കാരണം. വിനോദിനിക്കും പ്രഭുവിനും ഒരു മകളും മകനുമുണ്ട്. വിനോദിനി പ്രഭുവിന് ഉറക്കഗുളിക നല്‍കിയ ശേഷം കാമുകനായി ഭാരതിയുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ട്രിച്ചി-മധുര ഹൈവേക്ക് സമീപം മൃതദേഹം കത്തിച്ച് സംസ്‌കരിക്കാന്‍ സംഘം ശ്രമിച്ചെങ്കിലും മഴ കാരണം സാധിച്ചില്ല. പിന്നീട് അവര്‍ മൃതദേഹം വെട്ടി കഷണങ്ങളാക്കി കാവേരി, കൊല്ലിടം നദികളില്‍ ഒഴുക്കി.
വിനോദിനി, ഭാരതി, ഇവരുടെ സുഹൃത്തുക്കളായ റൂബന്‍ ബാബു, ദിവാകര്‍, ശര്‍വാന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
നവംബര്‍ അഞ്ചിന് പ്രഭുവിന്റെ സഹോദരന്‍ പ്രഭുവിനെ കാണാന്‍ വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഭര്‍ത്താവ് വീട്ടില്‍ തിരിച്ചെത്തിയിട്ടില്ലെന്ന് വിനോദിനി പറഞ്ഞു. തുടര്‍ന്ന് സഹോദരന്‍ സമയപുരം പോലീസില്‍ പരാതി നല്‍കി.
അന്വേഷണത്തില്‍ വിനോദിനിക്ക് ഭാരതിയുമായുള്ള വിവാഹേതര ബന്ധവും പ്രഭുവിനെ കൊല്ലാനുള്ള പദ്ധതിയും പോലീസ് കണ്ടെത്തി.
വിനോദിനിയും ഭാരതിയും മൂന്ന് മാസം മുമ്പ് സന്ധ്യ ഗേറ്റിന് സമീപം ഒരു വീട് വാടകയ്‌ക്കെടുത്തിരുന്നു. ഇത് അറിഞ്ഞ പ്രഭു ഭാരതിയുമായുള്ള ബന്ധം വേര്‍പെടുത്താന്‍ വിനോദിനിയോട് ആവശ്യപ്പെട്ടു.
10 ദിവസത്തോളം വിനോദിനി ഭാരതിയെ കണ്ടില്ലെങ്കിലും ഇതിനിടയില്‍ കാമുകനൊപ്പം പ്രഭുവിനെ കൊല്ലാന്‍ ഗൂഡാലോചന നടത്തിയെന്നാണ് പോലീസ് നല്‍കുന്ന വിവരം. നവംബര്‍ നാലിന് ഭര്‍ത്താവിന് സുഖമില്ലാത്തതിനാല്‍ ഉറക്കഗുളിക മരുന്നായി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് ഭാരതിയും വിനോദിനിയും ചേര്‍ന്ന് പ്രഭുവിനെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.
തുടര്‍ന്ന് ഭാരതി സുഹൃത്തുക്കളായ റൂബന്‍ ബാബു, ദിവാകര്‍, ശര്‍വാന്‍ എന്നിവരെ വിളിച്ച് നവംബര്‍ 5 ന് അര്‍ദ്ധരാത്രി എസ്‌യുവിയില്‍ മൃതദേഹം ട്രിച്ചി-മധുര ഹൈവേക്ക് സമീപം കത്തിക്കാന്‍ പദ്ധതിയിട്ടു. മഴയെ തുടര്‍ന്ന് പദ്ധതി പാളി. തുടര്‍ന്ന് പ്രഭുവിന്റെ മൃതദേഹം രണ്ട് കഷണങ്ങളാക്കി കാവേരി നദിയിലും ബാക്കി ഭാഗങ്ങള്‍ കൊല്ലിഡാം നദിയിലും എറിഞ്ഞു.