ഗാസ- ഗാസ മുനമ്പിലെ അൽ ഷിഫ ആശുപത്രിയിലെ കാർഡിയാക് വാർഡ് ഇസ്രായിൽ സൈന്യം ബോംബിട്ട് തകർത്തു. ഗാസയിലെ ആരോഗ്യവകുപ്പ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. അതിനിടെ, ഇന്ധനത്തിന്റെ അഭാവവും വൈദ്യുതി തടസ്സവും കാരണം അൽഖുദ്‌സ് ആശുപത്രി ഇനി പ്രവർത്തിക്കില്ലെന്ന് ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി (പി.ആർ.സി.എസ്) അറിയിച്ചു.
ഒക്ടോബർ 7 മുതൽ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായിൽ സൈനിക ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 11,100 കവിഞ്ഞു. ഇതിൽ 8,000ത്തിലധികം കുട്ടികളും സ്ത്രീകളുമാണ്. ആശുപത്രികളെ ലക്ഷ്യമിട്ട് ഇസ്രായിൽ സൈന്ം ആക്രമണം ശക്തമാക്കിയതോടെ കഴിഞ്ഞ മണിക്കൂറുകളിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണം സംബന്ധിച്ച് കൃത്യമായ സ്ഥിതിവിവരക്കണക്കുകൾ നൽകാൻ ആരോഗ്യ മന്ത്രാലയത്തിന് കഴിഞ്ഞില്ലെന്നും പുറത്തുവന്ന കണക്കുകളേക്കാൾ എത്രയോ ഇരട്ടി പേർ കൊല്ലപ്പെട്ടുവെന്നും ഗാസയിലെ ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.