ന്യൂദല്‍ഹി- പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് രാജ്യസഭയില്‍ പാസാകാതിരുന്ന മുത്തലാഖ് വിരുദ്ധ ബില്ലില്‍ ഭേദഗതി നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. നേരത്തെയുള്ള ബില്ലില്‍ ജാമ്യമില്ലാത്ത അറസ്റ്റ് എന്നത് ഒഴിവാക്കി കുറ്റാരോപിതര്‍ക്ക് മജിസ്ട്രേറ്റില്‍ നിന്നു ജാമ്യം നേടാമെന്ന വ്യവസ്ഥയോടെയാണ് പുതിയ ബില്‍ തയാറാക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി അധ്യക്ഷനായ കേന്ദ്രമന്ത്രിസഭായോഗം പുതിയ ബില്ലിന് അംഗീകാരം നല്കി.
പുതിയ ഭേദഗതി വ്യവസ്ഥകള്‍ പ്രകാരം മുത്തലാഖ് ചൊല്ലിയതിനെ കുറിച്ചു സ്ത്രീകള്‍ പരാതി നല്കിയാല് അതില്‍ ആവശ്യമെങ്കില്‍ ഒത്തുതീര്‍പ്പിനു സാധുതയുണ്ടാകും. ഒത്തുതീര്‍പ്പ് പ്രകാരം പരാതി പിന്‍വലിക്കാനും കുറ്റമൊഴിവാക്കാനുമാകും. കൂടാതെ, പരാതിയില്‍ ജാമ്യമില്ലാത്ത അറസ്റ്റുണ്ടാവില്ല. മജിസ്ട്രേറ്റ് പരിശോധന നടത്തി ജാമ്യം അനുവദിക്കാനാകും. നേരത്തെ ഒത്തുതീര്‍പ്പോ ജാമ്യമോ അനുവദിക്കാനാകില്ലെന്ന വ്യവസ്ഥകള്‍ക്കു പകരമാണ് ഭേദഗതി നിയമത്തില്‍ പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയതെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.
മൂന്നു തവണ തലാഖ് ചൊല്ലി മുസ്ലിം സ്ത്രീകളുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തുന്നതു ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലില്‍ മുത്തലാക്ക് ചൊല്ലുന്ന പുരുഷന് മൂന്നു വര്‍ഷം തടവും പിഴയും ഏര്‍പ്പെടുത്തുന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയതിനെതിരേയാണ് പ്രതിപക്ഷം എതിര്‍പ്പ് ഉയര്‍ത്തിയത്. നേരത്തെ ഈ ബില്‍ ലോക്സഭ പാസാക്കിയെങ്കിലും രാജ്യസഭയുടെ കടമ്പ കടക്കാനായില്ല. ബില്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും അതിലും സര്‍ക്കാര്‍ ഒളിച്ചു കളിക്കുകയും പിന്നീട് പരിഗണിക്കാതിരിക്കുകയുമായിരുന്നു. സര്‍ക്കാരിനു മതിയായ ഭൂരിപക്ഷമില്ലാഞ്ഞതിനാലായിരുന്നു ഈ പിന്മാറ്റം.
പഴയ ബില്‍ ഇപ്പോഴും രാജ്യസഭയുടെ പരിഗണനയിലായതിനാല്‍ അതു പിന്‍വലിച്ച് പുതിയ ബില്‍ രാജ്യസഭയില്‍ തന്നെ അവതരിപ്പിക്കാനാവും സര്‍ക്കാര്‍ നീക്കം നടത്തുക. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഇന്ന് അവസാനിക്കുന്നതിനാല്‍ പുതിയ ബില്‍ അടുത്ത സമ്മേളനത്തില്‍ അവതരിപ്പിക്കാനാണു സാധ്യത.