ശ്രീനഗര്‍- ജമ്മു കശ്മീരിലെ ദാല്‍ തടാകത്തില്‍ ഹൗസ് ബോട്ടുകള്‍ക്കു തീപിടിച്ച് മൂന്നു വിനോദ സഞ്ചാരികള്‍ക്ക് ദാരുണാന്ത്യം. ഒരു സ്ത്രീയും പുരുഷനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ബം?ഗ്ലാദേശ് സ്വദേശികളാണ് ഇവര്‍. ഇവര്‍ താമസിച്ച സഫീന എന്ന ഹൗസ് ബോട്ട് പൂര്‍ണമായി കത്തിനശിച്ച നിലയിലാണ്. അഞ്ച് ഹൗസ് ബോട്ടുകളാണ് കത്തി നശിച്ചത്. അതിനോട് ചേര്‍ത്ത് നിര്‍മിച്ചിരുന്ന കുടിലുകളും അഗ്‌നിക്കിരയായി. മണിക്കൂറുകള്‍ നടത്തിയ തിരച്ചിലിലാണ് മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍. ഒരു ഹൗസ് ബോട്ടിന് തീപിടിക്കുകയും പിന്നീട് സമീപത്തുണ്ടായിരുന്ന അഞ്ചോളം ബോട്ടുകളിലേക്ക് തീ പടരുകയുമായിരുന്നു. അഗ്‌നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടല്‍ ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്.
അപകട വിവരം അറിഞ്ഞെത്തിയ അഗ്‌നിരക്ഷാ സേന ബോട്ടുകളില്‍ നിന്ന് വിനോദസഞ്ചാരികളെ രക്ഷിച്ചു. സമീപത്തെ ഹോം സ്റ്റേകളിലുണ്ടായിരുന്ന വിനോദസഞ്ചാരികളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. ഷോര്‍ട്ട് സര്‍ക്യൂട്ട് ആവാം തീപിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി.