ന്യൂദല്‍ഹി - ഹരിയാനയിലെ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി. യമുനാനഗറിലേയും അംബാലയിലേയും ഗ്രാമങ്ങളിലാണ് മദ്യം കഴിച്ചതിനു പിന്നാലെ ആളുകള്‍ മരിച്ചത്. സംഭവത്തില്‍ ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചവരിലേറെയും കൂലിപണിക്കാരും കര്‍ഷകരുമാണ്. യമുനാനഗറിലെ മണ്ടേബാരി, പഞ്ചേതോ കാ മജ്ര ഗ്രാമങ്ങളിലുളളവരാണ് മരിച്ചവരില്‍ അധികവും തൊട്ടടുത്ത അംബാലയില്‍ നിന്നാണ് വ്യാജമദ്യമെത്തിയത്. കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു ആദ്യ മരണം. കാഴ്ച്ച മങ്ങിയും ഛര്‍ദിലുമായി കൂടുതല്‍ പേര്‍ ചികിത്സ തേടിയതോടെ പോലീസ് അന്വേഷണം തുടങ്ങി. വ്യാഴാഴ്ച്ച മരണ സംഖ്യ കുതിച്ചുയര്‍ന്നു. അഞ്ച് പേരുടെ മൃതദേഹം ബന്ധുക്കള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യാതെ സംസ്‌കരിക്കുകയായിരുന്നു. ധനൌരയിലെ മദ്യ നിര്‍മ്മാണ കേന്ദ്രത്തില്‍ റെയ്ഡ് നടത്തിയ പോലീസ് വ്യാജ മദ്യം നിര്‍മ്മിക്കാനായി എത്തിച്ച ഉപകരണങ്ങള്‍ പിടിച്ചെടുത്തു. പോലീസിന്റെ പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല നല്‍കിയിട്ടുണ്ട്. പ്രതികള്‍ക്കെതിരെ നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.