നിലമ്പൂർ-പി.എസ്.സി പരീക്ഷയെഴുതാൻ വണ്ടൂരിലേക്ക് പോകവേ ചന്തക്കുന്നിൽ വച്ചുണ്ടായ വാഹനാപകടത്തിൽ യുവതിക്കു ദാരുണാന്ത്യം. ചാലിയാർ പഞ്ചായത്തിലെ നമ്പൂതിരിപ്പൊട്ടി പാറക്കോട്ടിൽ പ്രിജി (31) യാണ് മരിച്ചത്. യുവതിയും ഭർത്താവ് വാഴപ്പടീറ്റിൽ സുധീഷും സഞ്ചരിച്ചിരുന്ന സ്കൂട്ടിയിൽ നിലമ്പൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി കൊളുത്തിയതിനെ തുടർന്ന് സ്കൂട്ടി മറിയുകയായിരുന്നു. ഇതോടെ യുവതി ലോറിയുടെ ചക്രത്തിനടിയിൽ പെട്ടു. ചക്രം യുവതിയുടെ വയറിലൂടെ കയറിയതായി ദൃക്സാക്ഷികൾ പറഞ്ഞു. ചന്തക്കുന്ന് കെഎൻജി റോഡിൽ ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. തുടർന്ന് നാട്ടുകാരും മറ്റും യുവതിയെ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് തിരിച്ചു. എന്നാൽ മമ്പാട് എത്തിയപ്പോഴേക്കും യുവതി മരിച്ചു. യുവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് ലഭിക്കാൻ വൈകിയതിനെ തുടർന്ന് നിലമ്പൂർ ആശുപത്രിയിൽ അൽപ്പനേരം ബഹളമുണ്ടായി. പോലീസും മറ്റും എത്തിയാണ് രംഗം ശാന്തമാക്കിയത്. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പോലീസ് ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ്മോർട്ടം നടത്തി. മക്കൾ: കാർത്തിക്, ആദി ശങ്കർ, ആദി സ്വരൂപ്.