പാരീസ്-ഗാസയിൽ ബോംബിട്ട് സാധാരണക്കാരെ കൊല്ലുന്നത് ഇസ്രായിൽ അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ.
ബോംബാക്രമണത്തിന് നിയമസാധുതയില്ലെന്നും വെടിനിർത്തൽ ഇസ്രായിലിന് ഗുണം ചെയ്യുമെന്നും ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ മാക്രോൺ പറഞ്ഞു. കുഞ്ഞുങ്ങൾ, സ്ത്രീകൾ, വൃദ്ധർ തുടങ്ങിയവർ കൊല്ലപ്പെടുന്നു. ബോംബാക്രമണത്തിന് ഒരു ന്യായീകരണവുമില്ല. അതിനാൽ വെടിനിർത്താൻ ഇസ്രായിലിനോട് ആവശ്യപ്പെടുന്നതായും മാക്രോൺ കൂട്ടിച്ചേർത്തു. ഹമാസിന്റെ 'ഭീകര' നടപടികളെ ഫ്രാൻസ് 'വ്യക്തമായി അപലപിക്കുന്നു. സ്വയം സംരക്ഷിക്കാനുള്ള ഇസ്രായിലിന്റെ അവകാശം അംഗീകരിക്കുമ്പോൾ തന്നെ ഗാസയിലെ ബോംബാക്രമണം നിർത്താൻ ഞങ്ങൾ അവരോട് അഭ്യർത്ഥിക്കുന്നു. വെടിനിർത്തൽ വേണമെന്ന തന്റെ ആഹ്വാനത്തോടെ അമേരിക്കയും ബ്രിട്ടനും അനുകൂലമായി പ്രതികരിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ലോക നേതാക്കൾ ഹമാസിനെയാണ് അപലപിക്കേണ്ടതെന്നും ഇസ്രായിലിനെ അല്ലെന്നും ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഗാസയിൽ ഇന്ന് ഹമാസ് ചെയ്യുന്ന ഈ കുറ്റകൃത്യങ്ങൾ നാളെ പാരീസിലും ന്യൂയോർക്കിലും ലോകത്തെവിടെയും ആവർത്തിക്കപ്പെടുമെന്നും നെതന്യാഹു പറഞ്ഞു.