Sorry, you need to enable JavaScript to visit this website.

ഇസ്രായിൽ ഉൽപ്പന്നങ്ങൾ മുസ്ലിം രാജ്യങ്ങൾ ബഹിഷ്‌കരിക്കണം-ഉച്ചകോടിയിൽ ഇറാൻ

റിയാദ്- ഗാസ മുനമ്പിൽ ഇസ്രായിൽ അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ ലംഘിക്കുകയും ഗാസ മുനമ്പിൽ അന്താരാഷ്ട്രതലത്തിൽ നിരോധിത ബോംബുകൾ ഉപയോഗിക്കുകയും ചെയ്തുവെന്നും ഇറാൻ പ്രസിഡന്റ് ഇബ്രാഹീം റെയ്‌സി. റിയാദിൽ അറബ് ഇസ്ലാമിക് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാസ മുനമ്പിലെ ഉപരോധം പിൻവലിക്കാനും സഹായങ്ങൾ അനുവദിക്കാനും ആഹ്വാനം ചെയ്യുന്നു.  ഈ സാഹചര്യത്തിൽ ഈ സുപ്രധാന യോഗം നടത്തിയതിന് സൗദി അറേബ്യയോട് നന്ദി പറയുന്നുവെന്നും ഫലസ്തീനികളെ സഹായിക്കാൻ ഇസ്ലാമിക ലോകത്തിന് വേണ്ടിയാണ് റിയാദിൽ യോഗം ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു. 
ഗാസയിൽ സാധാരണക്കാരെ കൊല്ലുന്നത് ഉടൻ അവസാനിപ്പിക്കണം. സ്ത്രീകളെയും കുട്ടികളെയും അതിക്രൂരമായാണ് ഇസ്രായിൽ കൊന്നൊടുക്കുന്നത്. ക്രൂരമായ കുറ്റകൃത്യമാണ് ഇസ്രായിൽ നടത്തുന്നത്. റഫ അതിർത്തി ഉടൻ തുറക്കണം. ഗാസയിലേക്ക് മാനുഷിക സഹായം ഉടൻ അനുവദിക്കണം. ഗാസക്ക് വേണ്ടി ചെയ്യാൻ പറ്റുന്നതെല്ലാം പരമാവധി ചെയ്യണം. ഗാസയിലേക്ക് മാനുഷിക ഇടനാഴി തുറന്ന് ദുരിതം അനുഭവിക്കുന്നവരെ സഹായിക്കണം. ഗാസയിൽ ഫലസ്തീനികൾക്കാണ് അവകാശം. അമേരിക്കയാണ് ഗാസയിലെ മുഴുവൻ പ്രതിസന്ധിക്കും ഉത്തരവാദി. ഇസ്രായിലുമായുള്ള മുഴുവൻ നയതന്ത്ര ബന്ധവും ഇസ്ലാമിക രാജ്യങ്ങൾ ഉപേക്ഷിക്കണം. ഇസ്രായിലുമായുള്ള വ്യാപാര ബന്ധവും അവസാനിപ്പിക്കണം. ഇസ്രായിലി ഉൽപ്പന്നങ്ങൾ മുഴുവൻ ഇസ്ലാമിക രാജ്യങ്ങളും ബഹിഷ്‌കരിക്കുകയും വിലക്ക് ഏർപ്പെടുത്തുകയും ചെയ്യണം. ഫലസ്തീനികളെ കൊന്നൊടുക്കുന്നതിലെ സഖ്യകക്ഷി അമേരിക്കയാണ്. ഇസ്രായിലിലെ സയണിസ്റ്റ് ഗവൺമെന്റ് ക്രൂരത കാലങ്ങളായി തുടരുകയാണെന്നും ഇബ്രാഹീം റെയ്‌സി പറഞ്ഞു. ഫലസ്തീനികളെയും അവിടെ പോരാടുന്നവരെയും അഭിവാദ്യം ചെയ്യുന്നു. ഏഴരപതിറ്റാണ്ടായി ആ ജനത അവിടെ പോരാടുകയാണ്. ഗാസയില്‍ നമ്മുടെ സഹോദരങ്ങളുടെയും സഹോദരിമാരുടെയും രക്തം ചിന്തിക്കൊണ്ടിരിക്കുകയാണ്. നാം ഏത് സമയത്തും അവരോടൊപ്പമാണ്. ഗാസയിലെ രക്തസാക്ഷികള്‍ക്കും പോരാളികള്‍ക്കും സമാധാനമുണ്ടാകട്ടെ എന്നും റെയ്സി പറഞ്ഞു. 
 

Latest News