മംഗളൂരു - കർണാടക ബാങ്കിന്റെ ജനറൽ മാനേജരും ചീഫ് കംപ്ലയൻസ് ഓഫീസറുമായ (സി.സി.ഒ) കെ.എ വദിരാജിനെ (51) താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മംഗളൂരു നഗരത്തിലെ അപ്പാർട്ടുമെന്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിന്റെ സമീപത്തുനിന്ന് കത്തി കണ്ടെടുത്തതായും ഇയാളുടെ കഴുത്തിനും വയറിനും മുറിവേറ്റതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞദിവസമാണ് സംഭവം. എ.ജെ ഹോസ്പിറ്റലിൽ നിന്ന് ഇന്ന് രാവിലെയാണ് വിവരം ലഭിച്ചതെന്ന് സിറ്റി പോലീസ് കമ്മിഷണർ അനുപം അഗർവാൾ പറഞ്ഞു. പോസ്റ്റ് മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും പോലീസ് പ്രതികരിച്ചു.
വീട്ടിൽ തനിച്ചായ സമയത്താണ് സംഭവം നടന്നത്. ഭാര്യ എത്തിയപ്പോൾ കഴുത്തിലും വയറ്റിലും മുറിവേറ്റ് രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
33 വർഷമായി കർണാടക ബാങ്കിലെ ജീവനക്കാരനാണ് വദിരാജ്. ക്ലർക്കായി തുടങ്ങിയ വദിരാജ് പിന്നീട് ജനറൽ മാനേജർ പദവിയിലെത്തി. ഇപ്പോൾ ജനറൽ മാനേജർ പദവിക്കു പുറമെ ബാങ്കിന്റെ ചീഫ് കംപ്ലെയ്ന്റ് ഓഫീസറായും പ്രവർത്തിച്ചുവരികയായിരുന്നു. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. സംഭവത്തിൽ മംഗളൂരു റൂറൽ പോലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.