Sorry, you need to enable JavaScript to visit this website.

ഷാര്‍ജ പുസ്തകോത്സവത്തിന് നാളെ തിരശ്ശീല; പ്രകാശനത്തിന് എത്തിയത് 500 മലയാള പുസ്തകങ്ങള്‍

ഷാര്‍ജ-ലക്ഷക്കണക്കിനാളുകളെ ആകര്‍ഷിക്കുന്ന  ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഇത്തവണ പ്രകാശനത്തിനെത്തിയത് 500-ലെ മലയാള പുസ്തകങ്ങള്‍. പുസ്തക മേള നാളെ (ഞായര്‍) സമാപിക്കുകയാണ്. മേള നടക്കുന്ന ഷാര്‍ജ എക്‌സ്‌പോസെന്ററിലെ ഏഴാംനമ്പര്‍ ഹാളില്‍ ഒരുക്കിയ റൈറ്റേഴ്‌സ് ഫോറം മുറിയിലാണ് മലയാളികളുടെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യുന്നത്. മലയാളത്തിലെ മിക്ക പ്രസാധകരും അവരുടെ എഴുത്തുകാരെയും പുതിയ പുസ്തകങ്ങളെയും അവരിപ്പിക്കുന്നത് ഈ ഹാളിലാണ്.
മിക്കദിവസങ്ങളിലും രാവിലെ 11 മുതല്‍ രാത്രി 11 വരെ ഇവിടെ പരിപാടികളുണ്ടാകും. 90 ശതമാനവും മലയാളികളുടേതാണ്. അവസരം കിട്ടാത്തവര്‍ പ്രസാധകരുടെ സ്റ്റാളുകളില്‍വെച്ച് പ്രകാശന ചടങ്ങുകള്‍ നടത്തുന്നു.
യു.എ.ഇ. സുപ്രീംകൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ആശയമാണ് ഷാര്‍ജ പുസ്തകോത്സവം. ഏതാനും അറബ് പ്രസാധകരും അറബി ഭാഷയിലെ പുസ്തകങ്ങളുമായി തുടങ്ങിയ മേളയില്‍ ഈ വര്‍ഷം 108 രാജ്യങ്ങളും 2023 പ്രസാധകരും പങ്കെടുക്കുന്നു.  
കഴിഞ്ഞ വര്‍ഷം 15 ലക്ഷം പേരായിരുന്നു സന്ദര്‍ശകര്‍. ഇക്കുറി അതു മറികടക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

 

Latest News