ആലപ്പുഴ - ആലപ്പുഴയില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ മകനായ 14 വയസുകാരനെ പോലീസുകാര്‍ സ്റ്റേഷനില്‍ വിളിച്ച് വരുത്തി മര്‍ദ്ദിച്ചു. മുട്ടുകാലിന് മുതുകില്‍ ചവിട്ടുകയും ലാത്തികൊണ്ട് കൈയില്‍ അടിക്കുകയും ചെയ്തുവെന്നും സ്റ്റേഷനിലെ ക്യാമറ ഇല്ലാത്ത സ്ഥലത്ത് എത്തിച്ചായിരുന്നു മര്‍ദ്ദനമെന്നുമാണ് കുട്ടിയുടെയും മാതാപിതാക്കളുടെയും പരാതി. മര്‍ദ്ദനമേറ്റ കുട്ടി പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. വാഹനാപകടവുമായി ബന്ധപ്പെട്ടാണ് കുട്ടിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചുവരുത്തിയത്. ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിലാണ് സംഭവം. കുട്ടിയെ ആറ് മണിക്കൂര്‍ കസ്റ്റഡിയില്‍ വെച്ചുവെന്നും മാതാപിതാക്കളെ കാണാന്‍ അനുവദിച്ചില്ലെന്നും പരാതിയുണ്ട്. പരിക്കേറ്റ കുട്ടി ചെട്ടികാട് ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സ തേടി. കുട്ടിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടെന്ന് ചികിത്സിച്ച ഡോക്ടര്‍ അറിയിച്ചു. പരാതിയില്‍ അന്വേഷണം നടത്തുമെന്ന് ശിശുക്ഷേമ സമിതി ചെയര്‍പേഴ്‌സണ്‍ ഡോ. ബി വസന്തകുമാരി പറഞ്ഞു.