ഗോവ- വടക്കന്‍ ഗോവയിലെ കശുവണ്ടി കര്‍ഷകന്‍ തോട്ടത്തിലെ കള വൃത്തിയാക്കുമ്പോഴാണ് ആ പാത്രം ശ്രദ്ധയില്‍പ്പെട്ടത്. നൂറ്റാണ്ടുകളായി മണ്ണിനടിയില്‍ തന്നേയും കാത്തിരിക്കുന്ന പാത്രം പുറത്തെടുത്തപ്പോള്‍ നാനോദ ബാംബര്‍ ഗ്രാമത്തിലെ വിഷ്ണു ശ്രീധര്‍ ജോഷിയുടെ കണ്ണ് മഞ്ഞളിച്ചില്ല- കാരണം അതില്‍ ക്ലാവു പിടിച്ച നാണയങ്ങളാണുണ്ടായിരുന്നത്. ഒന്നും രണ്ടുമല്ല 832 എണ്ണം.
16, 17 നൂറ്റാണ്ടുകളിലേതായിരിക്കാം നാണയങ്ങളെന്നാണ് പുരാവസ്തു ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. പോര്‍ച്ചുഗീസ് ഭരണത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ ഗോവയുടെ വ്യാപാര ബന്ധങ്ങള്‍, വാണിജ്യം, സാമ്പത്തിക ചരിത്രം എന്നിവയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച നല്‍കാന്‍ ഈ നാണയങ്ങള്‍ക്കാകുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.
നിധി കിട്ടിയ വിഷ്ണു ശ്രീധര്‍ ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതോടെ സംസ്ഥാന പുരാവസ്തു വകുപ്പ് മന്ത്രി സുഭാഷ് ഫാല്‍ ദേശായിയും വകുപ്പിലെ ഉദ്യോഗസ്ഥരുടെ സംഘവും ഗ്രാമത്തിലെത്തി നാണയങ്ങള്‍ ഏറ്റുവാങ്ങി.
ചിഹ്നങ്ങളും ലിഖിതങ്ങളുമുള്ള നാണയങ്ങള്‍ ഗോവയുടെ നാണയശാസ്ത്ര ചരിത്രത്തിലേക്ക് ഉള്‍ക്കാഴ്ച നല്‍കിയേക്കും. ആദ്യാക്ഷരങ്ങളില്‍ നിന്നും ചിഹ്നങ്ങളില്‍ നിന്നും 16-17 നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസ് ഭരണത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ പുറത്തിറക്കിയ നാണയങ്ങളായിരിക്കാമെന്നാണ് കരുതുന്നത്. ചില നാണയങ്ങളില്‍ ഒരു വശത്ത് ഒരു കുരിശും അക്ഷരമാലയും ഉണ്ട്. അത് ഒരു രാജാവിന്റെ ആദ്യാക്ഷരങ്ങളായി വ്യാഖ്യാനിക്കാവുന്നതാണെന്നും ആരുടെ രാജ്യത്തിന്‍ കീഴിലാണ് നാണയങ്ങള്‍ പ്രചരിപ്പിച്ചതെന്ന് കണ്ടെത്തണമെന്നും ആര്‍ക്കിയോളജി വകുപ്പ് ഡയറക്ടര്‍ ഡോ. നിലേഷ് ഫാല്‍ ദേശായി പറഞ്ഞു. നാണയങ്ങള്‍ അച്ചടിച്ച് വിതരണം ചെയ്തത് എപ്പോഴാണെന്ന് കണ്ടെത്താനും അക്കാലത്തെ വാണിജ്യ വ്യാപാര ബന്ധങ്ങള്‍ മനസ്സിലാക്കാനും വിദഗ്ധര്‍ ഒരു പഠനം നടത്തും.
അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന കറന്‍സികള്‍ ഏതൊക്കെയാണെന്ന് കൂടുതല്‍ രേഖകളില്ല. ഭരണാധികാരികള്‍ പലപ്പോഴും അവരുടെ പേരുകളുടെ ഇനീഷ്യലുകളും മതചിഹ്നങ്ങളുടെ ലിഖിതങ്ങളും അടങ്ങിയ നാണയങ്ങളാണ് പുറത്തിറക്കിയിരുന്നത്. നാണയങ്ങള്‍ ചെമ്പ് കൊണ്ടാണ് നിര്‍മ്മിച്ചതെന്ന് തോന്നുമെങ്കിലും അവ വൃത്തിയാക്കുകയും പരമ്പരാഗത സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ലോഹഘടന തിരിച്ചറിയുകയും വേണമെന്നും ദേശായി പറഞ്ഞു.
സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം നാണയങ്ങള്‍ സംസ്ഥാന മ്യൂസിയത്തില്‍ സ്ഥാപിക്കും. നാണയം കിട്ടിയ സ്ഥലത്തിന്റേയും വ്യക്തിയുടേയും പേരും മ്യൂസിയത്തില്‍ നാണയങ്ങളോടൊപ്പം ഇടംപിടിക്കും.