Sorry, you need to enable JavaScript to visit this website.

നാലായിരം റിയാല്‍ കൊണ്ടുപോയ ഈ നീല ഷര്‍ട്ടുകാരന്‍ ആരാണ്?

റിയാദ്- സ്ഥിരമായി ഭക്ഷണം കഴിക്കാന്‍ വരുന്ന റസ്‌റ്റോറന്റില്‍നിന്ന് നാലായിരം റിയാല്‍ കൊണ്ടുപോയ നീല ഷര്‍ട്ടുകാരനെ അന്വേഷിക്കുകയാണ് റിയാദ് എക്‌സിറ്റ് 34 ലെ സാഗര്‍ ഹോട്ടലില്‍ ജോലി ചെയ്യുന്ന മലപ്പുറം വാഴക്കാട് സ്വദേശി അബ്ദുല്‍ ഖാദര്‍.

500 റിയാലിന്റെ ചെയിഞ്ച് കൊടുക്കുന്നതിനിടയില്‍ താഴെ പോയ 4000 റിയാലാണ് ആദ്യം കാല്‍ കൊണ്ട് ചവിട്ടിപ്പിടിച്ച ശേഷം പിന്നീട് ഇയാള്‍ സമര്‍ഥമായി പോക്കറ്റിലാക്കിയത്. ചൊവ്വാഴ്ചയാണ് സംഭവം. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം കൗണ്ടറില്‍ ചില്ലറയില്ലാത്തതിനാലാണ് മറ്റാവശ്യത്തിന് നീക്കിവെച്ച തുകയില്‍നിന്ന് ഇയാള്‍ക്ക് ചെയിഞ്ച് നല്‍കിയത്. വൈകിട്ട് നോക്കിയപ്പോഴാണ് 4000 റിയാലിന്റെ കുറവ് കണ്ടത്. ചെയിഞ്ച് കൊടുത്ത കാര്യം ഓര്‍മ വന്ന അബ്ദുല്‍ ഖാദര്‍ സിസിടിവി പരിശോധിക്കുകയായിരുന്നു.

നല്ല മുഖപരിചയമുള്ള ഈ നീല ഷര്‍ട്ടുകാരന്റെ പേരോ മറ്റു വിവരങ്ങളോ അബ്ദുല്‍ ഖാദറിന് അറിയില്ല. ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന ഇയാള്‍ സ്ഥിരമായി സംസാരിക്കാറുമുണ്ട്. ജോലി മതിയാക്കി പോകുന്ന കാര്യവും പറഞ്ഞിരുന്നു. കണ്ണൂര്‍ സ്വദേശിയാണെന്ന് കരുതന്ന ഇയാളെ കണ്ടെത്താന്‍ സോഷ്യല്‍ മീഡിയ വഴി ശ്രമിക്കുകയാണ് അബ്ദുല്‍ ഖാദര്‍.

പണം കൊണ്ടു പോയ ദിവസവും ഇയാള്‍ അബ്ദുല്‍ ഖാദറുമായി വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു. എയര്‍പോര്‍ട്ടില്‍ പോകുന്നതിന് ടാക്‌സി ഏര്‍പ്പാടുക്കുന്ന കാര്യവും മറ്റുമാണ് സംസാരിച്ചത്. എയര്‍പോര്‍ട്ടില്‍ പോകുന്ന കാര്യം സംസാരിച്ചതിനാല്‍ നാട്ടിലേക്ക് പോയിക്കാണുമെന്നാണ് കരുതുന്നത്.

എക്‌സിറ്റ് 34 ല്‍ പള്ളിയുടെ സമീപത്താണ് ഇയാള്‍ താമസമെന്ന വിവരം ലഭിച്ചതിനാല്‍ അവിടെയൊക്കെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
കണ്ണൂര്‍ ജില്ലയിലെ പലരും വിളിച്ച് അബ്ദുല്‍ ഖാദറിന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച സ്ഥിതിക്ക് പണം തിരികെ കിട്ടുമെന്ന പ്രതീക്ഷയിലാണ് അബ്ദുല്‍ ഖാദര്‍.

 

Latest News