ചെന്നൈ- ചെന്നൈയിലെ ടെക്സ്റ്റൈല്‍സില്‍നിന്ന് മോഷണം പോയ വിലകൂടിയ സാരികള്‍ തിരികെ ലഭിച്ചു. സ്ത്രീ സംഘമാണ് ടെക്സ്റ്റൈല്‍സില്‍ നിന്ന് വിലകൂടിയ സാരികള്‍ മോഷ്ടിച്ചത്. കഴിഞ്ഞ ദിവസം വിജയവാഡ പോലീസാണ് ചെന്നൈ ശാസ്ത്രി നഗര്‍ സ്റ്റേഷനിലേക്ക് സാരികള്‍ അയച്ചു നല്‍കിയത്. ഒക്ടോബര്‍ 28 നായിരുന്നു ചെന്നൈ ബസന്ത് നഗറിലെ ടെക്സ്റ്റൈല്‍സില്‍ നിന്ന് മോഷണം. പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയ സമയത്താണ് സാരികള്‍ എത്തിയത്. സ്ഥാപനത്തിലെ സിസിടിവി ക്യാമറയിലാണ് സ്ത്രീ സംഘം വിലകൂടിയ സാരികള്‍ മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്.
കടയിലേക്ക് ആറോളം സ്ത്രീകള്‍ എത്തുകയും വസ്ത്രം വാങ്ങാനെന്ന വ്യാജേന സെയില്‍സ് ജീവനക്കാരുമായി സംസാരിക്കുകയും ചെയ്തു. അതിനിടെ കൂട്ടത്തിലെ രണ്ട് സ്ത്രീകള്‍ക്ക് തങ്ങള്‍ ധരിച്ചിരുന്ന സാരിയുടെ അടിയിലേക്ക് പട്ട് സാരികളുടെ കെട്ടുകള്‍ ഒളിപ്പിക്കുകയും ചെയ്തു. ഇവരുടെ ചെയ്തികള്‍ കാണാതിരിക്കാന്‍ മറ്റ് സ്ത്രീകള്‍ തന്ത്രപരമായി മറ നിന്നു. നാല് മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ദൃശ്യങ്ങള്‍. മോഷണം പോയ സാരികളുടെ വില ഏകദേശം 2 ലക്ഷം രൂപയോളം വരുമെന്ന് പോലീസ് പറഞ്ഞു. സംഘത്തില്‍ ആറോ ഏഴോ സ്ത്രീകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും, എല്ലാവരും സാരിയാണ് ധരിച്ചിരുന്നതെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അവര്‍ മോഷ്ടിച്ച സാരികളുടെ വില ഒന്നിന് 30,000-ത്തിന് മുകളിലാണ്. ചില സാരികളുടെ വില 70000 രൂപയായിരുന്നു.