ജിദ്ദ - നിയോമിന്റെ ആദ്യ അന്താരാഷ്ട്ര ഓഫീസ് ലണ്ടനിൽ തുറന്നു. യു.കെയിലും യൂറോപ്പിലുടനീളവും നിയോമിന്റെ ബിസിനസിനെ പിന്തുണക്കാനും പങ്കാളികളുമായും നിക്ഷേപകരുമായും പുതിയ ബന്ധങ്ങൾ സ്ഥാപിക്കാനുമുള്ള പുതിയ അടിത്തറയാണ് നിയോമിന്റെ ലണ്ടൻ ഓഫീസ്. ബ്രിട്ടനിലെ സൗദി അംബാസഡർ ഖാലിദ് ബിൻ ബന്ദർ രാജകുമാരൻ, നിയോം സി.ഇ.ഒ എൻജിനീയർ നദ്മി അൽനസ്ർ, ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി ഒളിവർ ഡൗഡൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
ആഗോള തലത്തിൽ നിയോം പദ്ധതിയുടെ പ്രാധാന്യം എടുത്തുകാട്ടാനുള്ള പ്ലാറ്റ്‌ഫോം ലണ്ടൻ ഓഫീസ് നൽകുമെന്ന് ചടങ്ങിൽ സംസാരിച്ച ഖാലിദ് ബിൻ ബന്ദർ രാജകുമാരൻ പറഞ്ഞു. മനുഷ്യ പുരോഗതി ത്വരിതപ്പെടുത്താനും എല്ലാവർക്കും നൂതനവും സുസ്ഥിരവുമായ ഭാവി സുരക്ഷിതമാക്കാനുമുള്ള നിയോമിന്റെ ശ്രമങ്ങളെ പിന്തുണക്കുന്നതിൽ ബ്രിട്ടനും നിക്ഷേപകരും വഹിക്കുന്ന സുപ്രധാന പങ്കിൽ വിശ്വസിച്ചാണ് ലണ്ടനിൽ നിയോം ഓഫീസ് തുറന്നതെന്നും സൗദി അംബാസഡർ പറഞ്ഞു. ബ്രിട്ടനിലും യൂറോപ്പിൽ പൊതുവെയും സാന്നിധ്യം ശക്തമാക്കാൻ ശ്രമിച്ചാണ് ആദ്യ അന്താരാഷ്ട്ര ഓഫീസ് തുറക്കാൻ ലണ്ടൻ തെരഞ്ഞെടുത്തതെന്ന് നിയോം സി.ഇ.ഒ എൻജിനീയർ നദ്മി അൽനസ്ർ പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ ബ്രിട്ടനിലെയും യൂറോപ്പിലെയും കമ്പനികളുമായി ഫലപ്രദമായ പങ്കാളിത്തങ്ങളും വിജയകരമായ നിക്ഷേപങ്ങളും നിയോം ശക്തമാക്കിയിട്ടുണ്ട്. കൂടുതൽ സഹകരണ അവസരങ്ങൾ കണ്ടെത്താനും നിയോമിലെ അതുല്യമായ നിക്ഷേപ സാധ്യതകളും അവസരങ്ങളും പ്രോത്സാഹിപ്പിക്കാനുമാണ് ലണ്ടൻ ഓഫീസ് തുറന്നതെന്നും അദ്ദേഹം വ്യക്തമാക്കി.