Sorry, you need to enable JavaScript to visit this website.

വിവാദവുമായി കോണ്‍ഗ്രസ് നേതാവ്, പാര്‍ട്ടിയിലെ ചില നേതാക്കള്‍ രാമനേയും ഹിന്ദുവിനെയും വെറുക്കുന്നു

ന്യൂദല്‍ഹി- പാര്‍ട്ടിയിലെ ചില നേതാക്കള്‍ ശ്രീരാമനെയും 'ഹിന്ദു' എന്ന വാക്കിനെയും വെറുക്കുന്നുവെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണന്റെ പ്രസ്താവന വിവാദമായി. കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശം ബിജെപി ഏറ്റുപിടിച്ചു.
രാമക്ഷേത്രത്തെ മാത്രമല്ല, രാമനെയും വെറുക്കുന്ന ചില നേതാക്കള്‍ കോണ്‍ഗ്രസിലുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അവര്‍ ഹിന്ദുത്വത്തെയും 'ഹിന്ദു' എന്ന വാക്കിനെയും വെറുക്കുന്നു. ഹിന്ദു മത ഗുരുക്കന്മാരെ അവര്‍ അപമാനിക്കുകയാണ്. പാര്‍ട്ടിയില്‍ ഒരു ഹിന്ദു മത ഗുരു ഉണ്ടായിരിക്കുന്നത് അവര്‍ ഇഷ്ടപ്പെടുന്നില്ല, ആചാര്യ പ്രമോദ് കൃഷ്ണ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. രാമനെ വെറുക്കുന്ന ഒരാള്‍ക്ക് ഹിന്ദുവായിരിക്കാന്‍ കഴിയില്ല. രാമക്ഷേത്ര നിര്‍മ്മാണം സ്തംഭിപ്പിക്കാനുള്ള ശ്രമങ്ങളെ കുറിച്ച് ലോകത്തിന് മുഴുവന്‍ അറിയാം. കോണ്‍ഗ്രസ് അംഗമായതുകൊണ്ട് സത്യം പറയാതിരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്രീരാമന്റെ അസ്തിത്വത്തില്‍ കോണ്‍ഗ്രസിന് സംശയമുണ്ടെന്ന് ബി.ജെ.പി   പലപ്പോഴും ആരോപിച്ചിരുന്നു.
രാജ്യത്തെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയ പാര്‍ട്ടിക്ക് ശ്രീരാമന്‍ ഒരു സാങ്കല്‍പ്പിക കഥാപാത്രമാണെന്ന് വ്യാഴാഴ്ച മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. കോണ്‍ഗ്രസ് ഒരു കാലത്ത് ശ്രീരാമന്റെ അസ്തിത്വം നിഷേധിച്ചിരുന്നുവെങ്കിലും അതിന്റെ നേതാക്കള്‍ ഇപ്പോള്‍ ഹിന്ദു ദൈവത്തിന് സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്ന തിരക്കിലാണെന്നാണ് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി ഈ ആഴ്ച ആദ്യം പറഞ്ഞത്.
പ്രമോദ് കൃഷ്ണന്റെ പരാമര്‍ശത്തിനു പിന്നാലെ അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മ്മ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.  താന്‍ പറഞ്ഞുകൊണ്ടിരുന്ന കാര്യം കോണ്‍ഗ്രസ് നേതാവ്  സ്ഥിരീകരിച്ചതായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ നല്‍കിയ ഒരു പോസ്റ്റില്‍ ശര്‍മ്മ പറഞ്ഞു. 'മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വിശ്വസ്തനുമായ ആചാര്യ പ്രമോദ് ജി ഞാന്‍ പറഞ്ഞത് സ്ഥിരീകരിക്കുന്നു ഒരു പ്രത്യേക വോട്ട് ബാങ്കിനെ ഭയന്ന് കോണ്‍ഗ്രസിന് പ്രഭു ശ്രീറാമിനോട് അലര്‍ജിയാണ്- അസം മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കള്‍ മറ്റെല്ലാ ക്ഷേത്രങ്ങളും സന്ദര്‍ശിക്കുന്നുണ്ടെങ്കിലും അയോധ്യയിലെ രാമക്ഷേത്രത്തില്‍ പോകുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നും ശര്‍മ്മ ആരോപിച്ചു. ശ്രീരാമനെ അനുകൂലിച്ച് സംസാരിച്ചതിന് പ്രമോദ് കൃഷ്ണന്‍ കോണ്‍ഗ്രസിന്റെ രോഷം നേരിടേണ്ടിവരുമെന്ന് ബിജെപി നേതാവ് പറഞ്ഞു.

 

 

Latest News