റിയാദ് - ഗാസ യുദ്ധവും ഫലസ്തീനികളെ നിര്‍ബന്ധിച്ച് കുടിയൊഴിപ്പിക്കുന്നതും ഉടനടി നിര്‍ത്തണമെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആവശ്യപ്പെട്ടു. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് റിയാദില്‍ സൗദി, ആഫ്രിക്കന്‍ ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാസയില്‍ ഇസ്രായില്‍ നടത്തുന്ന സൈനിക ആക്രമണത്തെയും സാധാരണക്കാരെ ലക്ഷ്യമിടുന്നതിനെയും അന്താരാഷ്ട്ര മാനുഷിക നിയമം തുടര്‍ച്ചയായി ലംഘിക്കുന്നതിനെയും അപലപിക്കുന്നു. പശ്ചിമേഷ്യയില്‍ സ്ഥിരതയും ശാശ്വത സമാധാനവുമുണ്ടാക്കാന്‍ സാഹചര്യങ്ങള്‍ ഒരുക്കണം.
സുരക്ഷയും സ്ഥിരതയും കൈവരിക്കാന്‍ ലക്ഷ്യമിട്ടുള്ള മുഴുവന്‍ ശ്രമങ്ങളെയും സൗദി അറേബ്യയും ആഫ്രിക്കന്‍ രാജ്യങ്ങളും പിന്തുണക്കുന്നു. സുഡാനില്‍ പരസ്പരം പോരടിക്കുന്ന സൈന്യവും റാപ്പിഡ് റെസ്‌പോണ്‍സ് ഫോഴ്‌സസും ജിദ്ദയില്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിച്ചതിനെ സ്വാഗതം ചെയ്യുന്നു. സുഡാന്റെ അഖണ്ഡതയും സുരക്ഷയും ആര്‍ജിത നേട്ടങ്ങളും കൂത്തുസൂക്ഷിക്കാനുള്ള അടിസ്ഥാനം സംവാദത്തിന്റെ ഭാഷയാകണമെന്ന് പ്രത്യാശിക്കുന്നു.