കോട്ടയം - ലോക്‌സഭാ സീറ്റിന്റെ കാര്യത്തില്‍ മൗനം വെടിഞ്ഞ് പി.ജെ ജോസഫ്. കോട്ടയം ലോക്‌സഭാ സീറ്റില്‍ യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് തന്നെയായിരിക്കും മത്സരിക്കുകയെന്നും സംശയം വേണ്ടെന്നും കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ ജോസഫ് അറിയിച്ചു.കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുക്കുമെന്ന ചര്‍ച്ചകള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണ്. സീറ്റ് സംബന്ധിച്ച് ഒരു തര്‍ക്കവുമില്ല. ഇപ്പോള്‍ നടക്കുന്ന ജില്ലാ ക്യാമ്പ് തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമാണ്.
ഏഴു വര്‍ഷമായി കേരളം ഭരിച്ചു മുടിച്ചു കടകെണിയിലും പട്ടിണിയിലുമാക്കിയ സംസ്ഥാന സര്‍ക്കാര്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ ചെലവഴിച്ച് ആര്‍ഭാടം നടത്തുകയാണെന്ന് പിജെ ജോസഫ് ആരോപിച്ചു. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റും സംസ്ഥാനം ഭരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരും അഴിമതിയും ധൂര്‍ത്തും വിലക്കയറ്റവും സൃഷ്ടിക്കാന്‍ മത്സരിക്കുകയാണെന്നും ദുരിതത്തിലായ കര്‍ഷകരെ രക്ഷിക്കുന്നതിനു പകരം ദ്രോഹിക്കുകയാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. രണ്ടു ദിവസമായി പാലായില്‍ നടന്നുവന്ന കേരളാ കോണ്‍ഗ്രസ് ജില്ലാ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ക്യാമ്പോടെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് കേരള കോണ്‍ഗ്രസ് സജ്ജമായിരിക്കുകയാണന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.
നവംബര്‍ 30ന് വിപുലമായ നിയോജകമണ്ഡലം കണ്‍വെന്‍ഷനുകളും ഡിസംബര്‍ 15ന് മുമ്പ് മണ്ഡലം കണ്‍വെന്‍ഷനുകളും, ഡിസംബര്‍ 31ന് മുന്‍പ് ബൂത്ത് കമ്മിറ്റികള്‍ പുനസംഘടിപ്പിക്കാനും ക്യാമ്പില്‍ തീരുമാനമെടുത്തു.ജനുവരിയില്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷക പ്രക്ഷോഭം സംഘടിപ്പിക്കുവാനും ക്യാമ്പ് തീരുമാനിച്ചു.വിവധപ്രമേയങ്ങള്‍ ക്യാമ്പില്‍ അവതരിപ്പിച്ചു. പ്രധാനമായും കേരള കോണ്‍ഗ്രസിന്റെ സിറ്റിങ്ങ് സീറ്റായ ആയ കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിമ ത്സരിക്കുന്നതിന് വേണ്ട നടപടികള്‍ യുഡിഎഫ് സംസ്ഥാന ഘടകവുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാന്‍ പ്രമേയത്തിലൂടെ ക്യാമ്പ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു.
കേരളാ കോണ്‍ഗ്രസ ജില്ലാ പ്രസിഡന്റ് സജി മഞ്ഞ കടമ്പില്‍ അധ്യക്ഷനായിരുന്നു.വര്‍ക്കിംഗ് ചെയര്‍മാന്‍ പി സി തോമസ് മുഖ്യ പ്രസംഗം നടത്തി.എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് , എം എല്‍ എ, സെക്രട്ടറി ജനറല്‍ ജോയി എബ്രാഹം. ഡെപ്യൂട്ടി ചെയര്‍മാന്‍മാരായ ഫ്രാന്‍സീസ് ജോര്‍ജ് തോമസ് ഉണ്ണ്യാടന്‍, വൈസ് ചെയര്‍മാന്‍ വക്കച്ചന്‍ മറ്റത്തില്‍, അഡൈസര്‍ തോമസ് കണ്ണന്തറ, അപു ജോണ്‍ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.