കറാച്ചി- അത്ഭുതകഥയിലെ സ്വര്‍ണ മത്സ്യത്തെ കിട്ടിയ പാകിസ്താനി മത്സ്യത്തൊഴിലാളി കഥകളിലേതുപോലെ ഒറ്റ രാത്രികൊണ്ട് കോടീശ്വരനായി. കറാച്ചി നഗരത്തിന് സമീപത്തെ ദരിദ്രമായ ഇബ്രാഹിം ഹൈദരി മത്സ്യത്തൊഴിലാളി ഗ്രാമത്തിലെ ഹാജി ബലോച്ചിമാണ് സോവ മത്സ്യമെന്ന സ്വര്‍ണ മത്സ്യത്തെ ലഭിച്ച് കോടികള്‍ നേടിയത്. നിരവധി ഔഷധ ഗുണങ്ങളുള്ള അപൂര്‍വ മത്സ്യമാണ് സോവ. ഈ മീന്‍ ലേലം ചെയ്ത് ഹാജി ബലോച്ചും 70 ദശലക്ഷം രൂപയാണ് സ്വന്തമാക്കിയത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് അറബിക്കടലില്‍ നിന്ന് പ്രാദേശിക ഭാഷയില്‍ സോവ എന്നറിയപ്പെടുന്ന മീന്‍ കൂട്ടത്തെ ഹാജി ബലോച്ചിന് ലഭിച്ചത്.
വെള്ളിയാഴ്ച രാവിലെ കറാച്ചി തുറമുഖത്ത് മത്സ്യത്തൊഴിലാളികള്‍ മീനുകള്‍ ലേലം ചെയ്തപ്പോള്‍ സോവ മത്സ്യം മുഴുവന്‍ 70 ദശലക്ഷം രൂപയ്ക്കാണ് വിറ്റതെന്ന് പാകിസ്ഥാന്‍ ഫിഷര്‍മെന്‍ ഫോക്ക് ഫോറത്തിലെ മുബാറക് ഖാന്‍ പറഞ്ഞു.
അമൂല്യവും അപൂര്‍വ്വമാണ് സോവ മത്സ്യമത്രെ. അതിന്റെ വയറ്റില്‍ നിന്നുള്ള പദാര്‍ഥങ്ങള്‍ക്ക് മികച്ച രോഗശാന്തിയും ഔഷധ ഗുണങ്ങളുമുണ്ടെന്നാണ് പറയുന്നത്. മത്സ്യത്തില്‍ നിന്നുള്ള നൂല്‍ പോലെയുള്ള പദാര്‍ഥം ശസ്ത്രക്രിയയിലും ഉപയോഗിക്കുന്നു.
ഒരു മത്സ്യത്തിന് ലേലത്തില്‍ ഏകദേശം ഏഴ് ദശലക്ഷം രൂപയാണ് ലഭിക്കുന്നതെന്ന് ബലോച്ചി പറഞ്ഞു. പലപ്പോഴും 20 മുതല്‍ 40 കിലോ വരെ ഭാരവും ഒന്നര മീറ്റര്‍ വരെ വളരുകയും ചെയ്യുന്ന സോവ മീനിന് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലാണ് ആവശ്യക്കാര്‍ കൂടുതലുള്ളത്. പ്രജനന കാലത്ത് മാത്രമാണ് ഇവ തീരത്തിനു സമീപം എത്താറുള്ളത്.
വലയില്‍ കുടുങ്ങിയത് കോടികള്‍ വിലയുള്ള ഭാഗ്യം
സാംസ്‌കാരികവും പരമ്പരാഗതവുമായ പ്രാധാന്യമുണ്ട് സോവയ്ക്ക്. പരമ്പരാഗത മരുന്നുകളിലും പ്രാദേശിക പാചക രീതിയിലും ഈ മീന്‍ ഉപയോഗിക്കുന്നുണ്ട്.
ഏഴ് പേര്‍ അടങ്ങുന്ന തന്റെ ജോലിക്കാരുമായി പണം പങ്കിടുമെന്ന് ഹാജി പറഞ്ഞു.