Sorry, you need to enable JavaScript to visit this website.

രാജ്യസഭാ ഉപാധ്യക്ഷന്‍: എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഹരിവംശ് നാരായണ്‍ സിങിന് അനായസ ജയം

ന്യൂദല്‍ഹി- രാജ്യസഭാ ഉപാധ്യക്ഷ പദവിയിലേക്കു വ്യാഴാഴ്ച നടന്ന വോട്ടടെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും ജെ.ഡി.യു എംപിയുമായ ഹരിവംശ് നാരായണ്‍ സിങ് 125 വോട്ടുകളോടെ ജയിച്ചു. സഭയില്‍ സര്‍ക്കാരിന് ഭൂരിപക്ഷമില്ലാതിരുന്നിട്ടും പ്രതിപക്ഷ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിന്റെ ബി,കെ ഹരിപ്രസാദിന് 105 വോട്ടുകളെ നേടാനായുള്ളൂ. വാശിയേറിയ മത്സരത്തില്‍ വിജയമുറപ്പിക്കാന്‍ കഴിഞ്ഞ ഏതാനും നാളുകളായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും നടത്തിയ ശ്രമങ്ങള്‍ വിജയം കണ്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രതിപക്ഷ ഐക്യത്തിന്റെ ഒരു ശക്തി പരീക്ഷണം കൂടിയായാണ് ഈ തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെട്ടിരുന്നത്. ഇരു പക്ഷത്തുമില്ലാത്ത നവീന്‍ പട്‌നായിക്കിന്റെ ബി.ജെ.ഡിയുടെ വോട്ടുകള്‍ നേടാനും എന്‍.ഡി.എക്കു കഴിഞ്ഞു. കോണ്‍ഗ്രസുമായി ഉടക്കി നില്‍ക്കുന്ന ആം ആദ്്മി പാര്‍ട്ടി വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. ഒപ്പത്തിനാപ്പമെത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്താന്‍ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലുള്ള കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വരെ സഭയിലെത്തിയിരുന്നു.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെ.ഡി.യു എം.പിയാണ് ഹരിവംശ് നാരായണ്‍ സിങ്. രാജ്യസഭയില്‍ ആദ്യ ടേമില്‍ തന്നെ സുപ്രധാന പദവി ലഭിച്ചു. ഈ വിജയത്തോടെ ഇടഞ്ഞു നിന്ന നിതീഷ് കുമാറിന്റെ കൂടുതല്‍ അടുപ്പിക്കാനും ബി.ജെ.പിക്കു കഴിഞ്ഞു. എന്‍.ഡി.എയില്‍ അതൃപ്തരായ അകാലി ദള്‍, ശിവ സേന  എന്നീ കക്ഷികളുടെ വോട്ടും ഉറപ്പാക്കാന്‍ ബി.ജെ.പിക്കു കഴിഞ്ഞു. 

പിന്തുണ തേടി പ്രധാനമന്ത്രി മോഡി ബി.ജെ.ഡി നേതാവ് നവീന്‍ പട്‌നായിക്കിനെ നേരിട്ടു വിളിച്ചതാണ് സര്‍ക്കാരിന്റെ വിജയമുറപ്പിച്ചത്. ബി.ജെ.ഡിക്ക് ഒമ്പത് എം.പിമാരാണ് രാജ്യസഭയിലുള്ളത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പിന്തുണ തേടി വിളിക്കാത്തതാണ് ആം ആദ്മിയെ വിട്ടു നില്‍ക്കാന്‍ പ്രേരിപ്പിച്ചതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എഎപി നേതവും ദല്‍ഹി മുഖ്യമന്ത്രിയുമായി അരവിന്ദ് കേജരിവാളിനെ ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയെ പിന്തുണക്കില്ലെന്ന് കേജ്‌രിവാള്‍ വ്യക്തമാക്കുകയായിരുന്നു. ആം ആദ്മിക്ക് മൂന്ന് രാജ്യസഭാംഗങ്ങളുണ്ട്. നരേന്ദ്ര മോഡിയെ കെട്ടിപ്പിടിക്കാമെങ്കില്‍ രാഹുല്‍ ഗാന്ധിക്ക് എന്തു കൊണ്ട് പിന്തുണ ആവശ്യപ്പെട്ട് കേജ്‌രിവാളിനെ വിളിച്ചു കൂടാ എന്നും ആംആദ്മി സഭാകക്ഷി നേതാവ് ചോദിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ, ഇടതു പാര്‍ട്ടികള്‍, എസ്.പി, ബി.എസ്.പി, എന്‍.സി.പി, തെലുഗു ദേശം പാര്‍ട്ടി എന്നീ പാര്‍ട്ടികള്‍ പ്രതിപക്ഷത്ത പിന്തുണച്ചു. വൈ.എസ്.ആര്‍ കോണ്‍ഗ്രസും എന്‍.ഡി.എ സഖ്യം വിട്ട മെഹ്ബൂബ മുഫ്തിയുടെ പി.ഡി.പിയും, കോണ്‍ഗ്രസിന്റെ ഒരംഗവും വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നത് പ്രതിപക്ഷത്തിന് തിരിച്ചടിയായി. 244 അംഗ സഭയില്‍ ഭൂരിപക്ഷം ലഭിക്കാന്‍ 123 വോട്ടുകള്‍ വേണം. എന്നാല്‍ ചില പാര്‍ട്ടികള്‍ വിട്ടു നിന്നതോടെ ഭൂരിപക്ഷവും കുറഞ്ഞത് സര്‍ക്കാരിന് തുണയായി.
 

Latest News