Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കെ.എ ഫ്രാൻസിസ്: വാർത്തയെഴുത്തിലെ വാസ്തുഭംഗി

അടിസ്ഥാനപരമായി ചിത്രകലാപൈതൃകം സിരകളിലോടിയത് കാരണം കെ.എ. ഫ്രാൻസിസ് എന്ന എഡിറ്റർ എപ്പോഴും പെർഫെക്ഷൻ കൊതിച്ചിരുന്നതായി തോന്നിയിട്ടുണ്ട്. നിരന്തരമായ ഫോളോ അപ്പിലൂടെ വാർത്തയെഴുത്തിലും ഫീച്ചറെഴുത്തിലും എഡിറ്റിംഗിലുമെല്ലാം പൂർണത തേടിയ മാധ്യമപ്രതിഭയായിരുന്നു അദ്ദേഹം. എഴുപത്താറാം വയസ്സിൽ ഇനിയൊരു ഫോളോ അപ്പിന് സാധ്യതയില്ലാത്ത കാലത്തിന്റെ മറുതീരത്തേക്ക് യാത്രയാകുമ്പോൾ പുതുതലമുറയിലെ മാധ്യമപ്രവർത്തകർക്ക് അദ്ദേഹം ബാക്കി വെച്ച സന്ദേശമിതായിരിക്കണം: സത്യസന്ധമായ പത്രപ്രവർത്തനം, അത് അവതരിപ്പിക്കുമ്പോൾ പുലർത്തേണ്ട സാമാന്യ നീതി, ഫോളോ അപ്പിലൂടെ വായനക്കാരോട് പാലിക്കേണ്ട പ്രതിബദ്ധത-  ഫ്രാൻസിസ് എന്ന എഡിറ്റർ ഇതെല്ലാം ജീവിതത്തിൽ അക്ഷരംപ്രതി പാലിച്ചു.
മനോരമയുടെ സ്ട്രിംഗറായി ജോലി തുടങ്ങിയ ഇരുപതുകാരനായിരുന്ന എനിക്ക് കോഴിക്കോട് മനോരമ ഡെസ്‌കിൽ നിന്ന് എപ്പോഴും പ്രോൽസാഹനം നൽകിയിരുന്ന തോമസ് ജേക്കബ് സാർ, അബു സാർ (കെ. അബൂബക്കർ), ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി എന്നിവരോടൊപ്പം ചേർത്ത് വെക്കാവുന്ന പേരാണ് കെ.എ ഫ്രാൻസിസ് എന്ന പൊറിഞ്ചുവിന്റേത്. നല്ല വാർത്തകൾ കാണുമ്പോൾ മനോഹരമായ കൈപ്പടയിൽ അദ്ദേഹം അയച്ചിരുന്ന അഭിനന്ദനക്കുറിപ്പുകൾ എന്റെ ഫയലിലുണ്ട്. മനോരമ വാരികയുടെ എഡിറ്ററായി രണ്ടു പതിറ്റാണ്ട് ജോലി ചെയ്യുമ്പോഴാണ് ആഴ്ചപ്പതിപ്പിനെ കാലികമാക്കി മാറ്റിയതും ഉള്ളടക്കത്തിലാകെ അദ്ദേഹം പുതുമ കൊണ്ടു വന്നതും. തോമസ് ജേക്കബിന്റെ 'കഥക്കൂട്ട്' പരമ്പര വാരികയുടെ യശസ്സുയർത്തി. പ്രസിദ്ധരുടെ രചനകൾ വെളിച്ചം കണ്ടു. പ്രവാസക്കുറിപ്പുകളെഴുതാൻ അദ്ദേഹം എന്നോടുമാവശ്യപ്പെട്ടിരുന്നു. രണ്ടോ മൂന്നോ കുറിപ്പുകളിൽ പക്ഷേ ഞാനത് അവസാനിപ്പിച്ചു.
മനോരമ ലേഖകനായി ഒറ്റപ്പാലത്ത് ജോലി ചെയ്യുന്ന കാലത്ത് ബൈലൈനുകൾ ലഭിക്കുകയെന്നത് വലിയ ഒരാഗ്രഹമായിരുന്നു. അപൂർവമായി മാത്രം കിട്ടുന്നതാണ് അവ. ജോലിയിൽ കയറിയതിന്റെ അതേ ആഴ്ചയിൽ, ഒറ്റപ്പാലം ബധിരമൂക വിദ്യാലയത്തിലെ കുട്ടികളുടെ ദൈന്യാവസ്ഥയെക്കുറിച്ച് ഞാനെഴുതിയ വാർത്ത ഒന്നാം പേജിൽ കൊടുക്കുകയും അതിന് ഗംഭീരമായൊരു തലക്കെട്ട് - മൂകപ്രാർഥന ബധിരകർണങ്ങളിൽ - ബൈലൈനോടെ നൽകുകയും ചെയ്തത് ഫ്രാൻസിസ് സാറായിരുന്നുവെന്ന് ഏറെ കഴിഞ്ഞ ശേഷമാണ് ഞാനറിയുന്നത്.
അക്കാലത്ത് പ്രമാദമായൊരു തിരോധാനക്കേസ് ആദ്യമായി വെളിച്ചത്ത് കൊണ്ടു വന്നത് ഫ്രാൻസിസായിരുന്നു. മണ്ണാർക്കാട്ടെ അമ്മിണി - ചാമി ദമ്പതികളുടെ തിരോധാനം. രാഷ്ട്രീയരംഗത്തും ഏറെ കോളിളമുണ്ടാക്കി ഈ സംഭവം. അട്ടപ്പാടിയിലെത്തി ഫ്രാൻസിസ്, ഫോട്ടോഗ്രാഫർ ടി. നാരായണന്റെ ചിത്രങ്ങളോടെ മനോരമയിൽ പരമ്പരയായി പ്രസിദ്ധീകരിച്ച എക്‌സ്‌ക്ലൂസീവ് സ്റ്റോറികൾ പത്രത്തിന്റെ പ്രചാരം വർധിപ്പിച്ചു. അപ്രത്യക്ഷരായിയെന്നും കൊല്ലപ്പെട്ടുവെന്നുമൊക്കെയുള്ള കഥകൾക്കിടെ അമ്മിണിയും ചാമിയും മാസങ്ങൾക്ക് ശേഷം രംഗത്തെത്തിയതാണ് കഥയുടെ ആന്റിക്ലൈമാക്‌സ്. ഇതിനകം എടത്തനാട്ടുകര ഭാഗത്തെ പല വലിയ കുടുംബങ്ങളിലെ ചെറുപ്പക്കാർ പോലും വ്യാജ ആരോപണങ്ങളുടെ മുൾമുനയിലായിക്കഴിഞ്ഞിരുന്നു.
മനോരമ സൺഡേ സപ്ലിമെന്റിൽ കള്ളന്മാരുടെ കഥ എന്ന പരമ്പരയെഴുതാൻ തമിഴ്‌നാട്ടിലെ തിരുട്ട്ഗ്രാമത്തിൽ പോയി താമസിച്ച അനുഭവവും ഫ്രാൻസിസിനുണ്ട്. ആ ഒരൊറ്റ ഫീച്ചറിലൂടെ മനോരമ സൺഡെയുടെ സർക്കുലേഷൻ ഉയർന്നു. ഒരു ലക്ഷം കോപ്പി അധികമായി അച്ചടിക്കേണ്ടതായി വന്നു. 
ഇടുക്കിയിൽ മാടസ്വാമി എന്ന പ്രമാദമായ മോഷണക്കേസുകളിലെ പ്രതിയെ കോഴിക്കോട്ട് വെച്ച് ഒരു പോലീസുകാരന്റെ സഹായത്തോടെ ഇന്റർവ്യൂ ചെയ്തതും അത് വാർത്തയാക്കിയതും ഫ്രാൻസിസ് എഴുതിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ മെയ്‌വഴിശാലയിലെ ആശ്രമത്തിലെ കസ്റ്റംസ് റെയിഡാണ് ഫ്രാൻസിസിന്റെ മറ്റൊരു സ്‌കൂപ്പ്. ദ ഹിന്ദു പത്രത്തിലെ ചെറിയൊരു വാർത്തയിൽ നിന്നാണ് ഈ സംഭവം ഫ്രാൻസിസ് വികസിപ്പിച്ചതും കേരളത്തിലും തമിഴ്‌നാട്ടിലും ചർച്ചയായ വാർത്ത പ്രസിദ്ധീകരിച്ചതും. നക്ഷത്ര ആണ്ടവർ എന്നറിയപ്പെടുന്ന സ്വാമി മോഷ്ടിച്ച സ്വർണമത്രയും മണ്ണിൽ കുഴിച്ചിടുകയായിരുന്നു. ട്രാക്ടർ വന്നാണ് പിന്നീടത് കണ്ടെടുത്തതും സ്വാമിയെ പോലീസ് പൊക്കിയതും. കർണാടകയിലെ ഹുസൂറിനടുത്ത വരദ പുഴയോരത്ത് പരശുരാമന്റെ അമ്മയുടെ പേരിലുള്ള ക്ഷേത്രത്തിൽ നിലനിന്നിരുന്ന നഗ്നോൽസവം എന്ന ആചാരം ഫ്രാൻസിസ് സ്റ്റോറിയാക്കി. സാഹസികമായിരുന്നു ആ കൃത്യം. ബാലികമാരെ പുഴയിൽ കുളിപ്പിച്ച് ഇല കൊണ്ടു മാത്രം നഗ്നത മറച്ച് ക്ഷേത്രപരിസരത്ത് നൃത്തം ചെയ്യിക്കുന്ന ആചാരമായിരുന്നു അത്. വലിയ എതിർപ്പുകൾ നേരിടേണ്ടി വന്നു ഫ്രാൻസിസിനും ഫോട്ടോഗ്രാഫർക്കും. എങ്ങനെയൊക്കെയോ ഹുസൂറിൽ നിന്ന് തടി തപ്പുകയായിരുന്നു. ദേവദാസികളെപ്പറ്റി ഫ്രാൻസിസ് എഴുതിയ ഫീച്ചറും ശ്രദ്ധേയമായി. ലോട്ടറിയടിച്ച് പണം ധൂർത്തടിച്ച 'നിർഭാഗ്യവാന്മാരായ ഭാഗ്യവാന്മാരെ'ക്കുറിച്ചെഴുതിയ പരമ്പരയും അക്കാലത്ത് ശ്രദ്ധിക്കപ്പെട്ടു. ഇന്ദിരാഗാന്ധി മൽസരിച്ച ചിക്മാംഗ്ലൂർ ഉപതെരഞ്ഞെടുപ്പ് മനോരമക്ക് വേണ്ടി കവർ ചെയ്തതും ഫ്രാൻസിസായിരുന്നു.  
കേരള ലളിതകലാ അക്കാദമി ചെയർമാനായും ചിത്രകലാപരിഷത്ത് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുള്ള ഫ്രാൻസിസിന്റെ പിതാവ് ആന്റണി മാസ്റ്ററാണ് കോഴിക്കോട് യൂണിവേഴ്‌സൽ ആർട്‌സിന്റെ സ്ഥാപകൻ. എം.എഫ് ഹുസൈനെ ആദ്യമായി കോഴിക്കോട്ട് കൊണ്ടുവരാനും മാനവീയം പരിപാടിയിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വര മഹോൽസവം നടത്താനും മുൻകൈയെടുത്തവരിൽ ഫ്രാൻസിസുണ്ടായിരുന്നു. ചെലവൂർ വേണുവിന്റെ നേതൃത്വത്തിലുള്ള കോഴിക്കോട്ടെ മിക്ക സാംസ്‌കാരിക പരിപാടികളിലും സജീവമായിരുന്നു ഫ്രാൻസിസ്. സ്‌കൂട്ടറപകടത്തിൽ മരണപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് സി.എച്ച്. ഹരിദാസുമായുള്ള നിതാന്തസൗഹൃദത്തെക്കുറിച്ച് ഫ്രാൻസിസ് പ്പോഴും പറയാറുണ്ടായിരുന്നു. പച്ച നിറമുള്ള ഒരു സ്‌കൂട്ടറിന്റെ പിറകിൽ സുഹൃത്ത് നൽകിയ ലിഫ്റ്റിൽ സഞ്ചരിക്കുമ്പോഴാണ് ഹരിദാസ് അപകടത്തിൽ പെട്ടത്. എല്ലാ ദിവസവും ഫ്രാൻസിസിന്റെ പച്ചനിറമുള്ള സ്‌കൂട്ടറിൽ സഞ്ചരിക്കാറുള്ള ഹരിദാസ് അന്ന് മറ്റൊരു സുഹൃത്തിന്റെ സ്‌കൂട്ടറിൽ പോകുമ്പോഴാണ് അപകടം മരണരൂപത്തിലെത്തിയത്. പലരും അന്ന് ഹരിദാസും ഫ്രാൻസിസുമാകും അപകടത്തിൽ പെട്ടത് എന്ന് കരുതി വിവരം തിരക്കിയിരുന്നു.
പഴയ തലമുറയിലെ കരുത്തുറ്റ, എഴുത്തിലും എഡിറ്റിംഗിലും സൂക്ഷ്മത പുലർത്തിയ, വാർത്തകളുടെ ഒരു വാസ്തുശിൽപിയെയാണ് മലയാള പത്രലോകത്തിന് കെ.എ ഫ്രാൻസിസിന്റെ വിയോഗത്തിലൂടെ നഷ്ടമായത്. 

Latest News