ദിസ്പൂര്‍ - അസമിലെ നബരംഗ്പൂര്‍ ജില്ലയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അധ്യാപകര്‍ ശുചിമറിയില്‍ കൊണ്ടു പോയി ബലാത്സംഗം ചെയ്തതായി പരാതി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയെയാണ് സ്‌കൂളിലെ രണ്ട് അധ്യാപകര്‍ ബലാത്സംഗം ചെയ്തതെന്ന് ആരോപണമുയര്‍ന്നത്. പരാതിയെ തുടര്‍ന്ന് അധ്യാപകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ചയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവ് വ്യാഴാഴ്ചയാണ് പരാതി നല്‍കിയത്. അധ്യാപകര്‍ മകളെ സ്‌കൂളിലെ ശുചിമുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പരാതിയില്‍ ആരോപിച്ചു. അധ്യാപകരുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാലുടന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ജില്ലാ വെല്‍ഫെയര്‍ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും നബരംഗ്പൂര്‍ കളക്ടര്‍ കമല്‍ ലോചന്‍ മിശ്ര പറഞ്ഞു.