ചെന്നൈ - ചെന്നൈ തുറമുഖത്ത് കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെയുണ്ടായ സ്ഫോടനത്തില്‍ ഒരു തൊഴിലാളി മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കപ്പലിലെ ഗ്യാസ് പൈപ്പ് ലൈന്‍ പൊട്ടിയാണ് അപകടമുണ്ടായതെന്നാണ് വിവരം. ഒഡീഷയില്‍ നിന്ന് എത്തിയ എണ്ണക്കപ്പലിലാണ് അപകടം. ഒക്ടോബര്‍ 31 നാണ് 'എം ടി പാട്രിയറ്റ്' എന്ന കപ്പല്‍ അറ്റകുറ്റപ്പണികള്‍ക്കായി ചെന്നൈ തുറമുഖത്ത് എത്തിച്ചത്. ചെന്നൈ തുറമുഖ സമുച്ചയത്തിലെ കോസ്റ്റല്‍ വര്‍ക്ക് പ്ലെയ്സില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന കപ്പലില്‍ നിന്ന് ഒരു ബോള്‍ട്ട് നീക്കം ചെയ്യുന്നതിനിടെ സമീപത്തുള്ള ഗ്യാസ് പൈപ്പ് ലൈന്‍ പൊട്ടിത്തെറിക്കുകയായിരുന്നു.ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ചെന്നൈ തണ്ടയാര്‍പേട്ട സ്വദേശി തങ്കരാജാണ് മരിച്ചത്. ജോഷ്വ, രാജേഷ്, പുഷ്പ ലിംഗം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി ഗുരുതര പരിക്കേറ്റ ഇവരെ കില്‍പ്പോക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.