ന്യൂയോര്‍ക്ക്- വാടക നല്‍കാത്തതിനെച്ചൊല്ലി വാടകക്കാരനുമായി തര്‍ക്കത്തിലേര്‍പ്പെട്ട വീട്ടുടമ ഒടുവില്‍ വാടകക്കാരന്‍ താമസിച്ചിരുന്ന വീടിന് തീയിട്ടു. ഞെട്ടിക്കുന്ന സംഭവം നടന്നത് ന്യൂയോര്‍ക്ക് സിറ്റിയില്‍. 66 -കാരനായ റഫീഖുല്‍ ഇസ്ലം എന്നയാളാണ് വീടിന് തീയിട്ടത്. തീയിടുന്ന സമയത്ത് വീട്ടില്‍ ആറ് കുട്ടികളടങ്ങുന്ന കുടുംബമുണ്ടായിരുന്നു. ഫേസ്ബുക്ക് പോസ്റ്റില്‍ ന്യൂയോര്‍ക്ക് സിറ്റി ഫയര്‍ ഡിപാര്‍ട്മെന്റ് തന്നെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
വാടകക്കാരന്‍ കുറേ നാളുകളായി വാടക നല്‍കുന്നില്ലായിരുന്നു. ഇതില്‍ വീട്ടുടമ ആകെ അസ്വസ്ഥനായിരുന്നു എന്നും ഇതാണ് വീടിന് തീയിടുന്നതിലേക്ക് ഇയാളെ എത്തിച്ചത് എന്നും പോലീസ് പറയുന്നു. കൊലപാതകശ്രമത്തിനാണ് റഫീഖുലിനെതിരെ കേസെടുത്തിരിക്കുന്നത്. രണ്ടാമത്തെ നിലയിലായിരുന്നു കുടുംബം വാടകയ്ക്ക് താമസിച്ചിരുന്നത്. ഒന്നുകില്‍ വാടക തരണം അല്ലെങ്കില്‍ വീടൊഴിയണം എന്ന് നിരന്തരം റഫീഖുല്‍ പറഞ്ഞിരുന്നുവെങ്കിലും വാടകക്കാരന്‍ ഇതൊന്നും ചെയ്തിരുന്നില്ല. പിന്നാലെയാണ് ഇയാള്‍ വീടിന്റെ സ്റ്റെയര്‍കേസ് മുതല്‍ തീയിട്ടത്.
തീയിട്ട സമയത്ത് ആറ് കുട്ടികളും രണ്ട് മുതിര്‍ന്നവരുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. രണ്ട് കുട്ടികളെ താഴെ നില്‍ക്കുന്ന അയല്‍ക്കാരുടെ കയ്യിലേക്ക് ഇട്ടുകൊടുക്കയും ബാക്കി കുഞ്ഞുങ്ങളെ അഗ്‌നി രക്ഷാസംഘവുമാണ് താഴെ എത്തിച്ചത്.
തീയിട്ട സമയത്ത് വീട്ടുകാരെല്ലാം വീടിനകത്തുണ്ടായിരുന്നു എങ്കിലും ജീവനോടെ അവരെല്ലാം രക്ഷപ്പെട്ടു.
ഫയര്‍ ഡിപാര്‍ട്മെന്റ് പറയുന്നതനുസരിച്ച് വീട്ടുടമ പലതവണ കുടുംബത്തെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. വാടക നല്‍കിയില്ലെങ്കില്‍ ഗ്യാസും വൈദ്യുതിയും വിച്ഛേദിക്കുമെന്നും വീടിന് തീയിടുമെന്നും അയാള്‍ പറഞ്ഞുവെന്നും വാടകക്കാരനും കുടുംബവും പറയുന്നു. അന്വേഷണത്തിനൊടുവില്‍ തീയിട്ട ദിവസത്തെ വീഡിയോ തെളിവായി കിട്ടി. 911 എന്ന എമര്‍ജന്‍സി നമ്പറിലേക്ക് കുടുംബത്തിന്റെ ആദ്യത്തെ കോള്‍ വരുന്നതിന് തൊട്ടുമുമ്പായി ഒരു മാസ്‌കും ഹൂഡിയും ധരിച്ച് റഫീഖുല്‍ വാടകയ്ക്ക് നല്‍കിയിരുന്ന വീട്ടിലേക്ക് കയറിപ്പോകുന്ന ദൃശ്യം അതിലുണ്ട്. അതുപോലെ മാസ്‌കും ഹൂഡിയും താഴെയിട്ടിരിക്കുന്ന ഒരു ചിത്രവും അവര്‍ക്ക് കിട്ടി.റഫീഖുലും കുടുംബത്തിന് നേരെ വാടക നല്‍കുന്നില്ല എന്ന് പറഞ്ഞ് ഒരു പരാതി നല്‍കിയിട്ടുണ്ട്. ഏതായാലും കൊലപാതകശ്രമമടക്കം നിരവധി കുറ്റങ്ങള്‍ ഇപ്പോള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുകയാണ്.