കൊച്ചി-ഹൈക്കോടതി ഉള്‍പ്പെടെയുള്ള നിയമസ്ഥാപനങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരാനായി ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കാന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനുമായി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച് തത്വത്തില്‍ തീരുമാനമായത്.
ഹൈക്കോടതിക്കുപുറമേ ജഡ്ജിമാരുടെ വസതികള്‍, അഭിഭാഷകരുടെ ഓഫീസ്, അഡ്വക്കേറ്റ് ജനറലും കോടതിയുമായി ബന്ധപ്പെട്ട മറ്റുദ്യോഗസ്ഥരുടെയും ഓഫീസ്, ജുഡീഷ്യല്‍ അക്കാദമി തുടങ്ങിയ എല്ലാവിധ നിയമസംവിധാനങ്ങളും ഒരുമിച്ച് കൊണ്ടുവരുകയാണ് ജുഡിഷ്യല്‍ സിറ്റിയിലൂടെ ഉദ്ദേശിക്കുന്നത്.
കളമശ്ശേരിയിലെ എച്ച്.എം.ടി.യുടെ സ്ഥലമാണ് ഇതിനായി ഉദ്ദേശിക്കുന്നത്. 25 ഏക്കര്‍ ഇതിനായി വിനിയോഗിക്കാമെന്നാണ് പ്രാഥമിക ധാരണ. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ച് തൃപ്തി രേഖപ്പെടുത്തി. മുഖ്യമന്ത്രി വൈകാതെ സന്ദര്‍ശിക്കും.
ജുഡീഷ്യല്‍ സിറ്റിക്കുള്ള മാസ്റ്റര്‍പ്ലാന്‍ തയ്യാറായിവരുന്നു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനുശേഷം ഇത് അന്തിമമാക്കും. ഹൈക്കോടതി ജുഡീഷ്യല്‍ സിറ്റിയിലേക്ക് മാറ്റിയാല്‍ ആ സ്ഥാനത്ത് ജില്ലാ കോടതിയടക്കമുള്ള മറ്റു കോടതികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സൗകര്യമൊരുക്കിയേക്കും.
ജുഡീഷ്യല്‍ സിറ്റി സ്ഥാപനത്തിന്റെ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് രണ്ട് ജസ്റ്റിസുമാരും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ചീഫ് സെക്രട്ടറി, നിയമ, ധന വകുപ്പ് സെക്രട്ടറിമാരും ഉള്‍പ്പെടുന്ന സമിതി രൂപവത്കരിക്കും. ഇ-കോര്‍ട്ട് സംവിധാനത്തിന്റെ മൂന്നാംഘട്ടം തുടങ്ങാനും തീരുമാനമായി. ജില്ലകളില്‍ കോടതികള്‍ നേരിടുന്ന സ്ഥലപരിമിതിപ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ കളക്ടര്‍മാരെ ഉള്‍പ്പെടുത്തി സമിതി രൂപവത്കരിക്കും.
ജസ്റ്റിസുമാരായ എ. മുഹമ്മദ് മുഷ്താഖ്, എ.കെ. ജയശങ്കര്‍ നമ്പ്യാര്‍, മന്ത്രിമാരായ പി. രാജീവ്, കെ.എന്‍. ബാലഗോപാല്‍, കെ. രാജന്‍, ചീഫ് സെക്രട്ടറി വി. വേണു തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.