Sorry, you need to enable JavaScript to visit this website.

ഇസ്രായില്‍ അന്ത്യശാസനം വകവെക്കാതെ ആയിരങ്ങള്‍ വടക്കന്‍ ഗാസയില്‍ തുടരുന്നു

ഗാസ- ഗാസ മുനമ്പിന്റെ വടക്കുഭാഗത്തുള്ള തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ ഹമാസ് തീവ്രവാദികളെ നേരിട്ടതായി ഇസ്രായില്‍ പറഞ്ഞു. ഇസ്രായില്‍ ആവശ്യപ്പെട്ടതുപ്രകാരം ആയിരക്കണക്കിന് ഫലസ്തീനികള്‍ വടക്കന്‍ ഗാസയില്‍നിന്ന് തെക്കോട്ട് പലായനം ചെയ്യുകയാണ്. എന്നാല്‍ ആയിരക്കണക്കിനാളുകള്‍ വടക്കന്‍ ഗാസയില്‍തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. ഇവിടെയുള്ള അല്‍ ഷിഫ ഹോസ്പിറ്റലും അല്‍ഖുദ്‌സ് ഹോസ്പിറ്റലും പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ചുറ്റും കരയുദ്ധവും ആകാശത്തുനിന്ന് ബോംബാക്രമണവും തുടരുന്നു.
ഇസ്രായില്‍ ഗാസ വളഞ്ഞിട്ടും ആയിരക്കണക്കിന് ഫലസ്തീനികള്‍ അല്‍ ഷിഫ ആശുപത്രിയില്‍ അഭയം തേടിയിരിക്കുകയാണ്. ആശുപത്രി വളപ്പിലെ ടെന്റുകളില്‍ അഭയം പ്രാപിച്ചിരിക്കുന്ന ഇവര്‍ തങ്ങള്‍ക്ക് പോകാന്‍ മറ്റൊരിടമില്ലെന്നും പറയുന്നു. വടക്കന്‍ നിവാസികളോട് തെക്കോട്ട് നീങ്ങാന്‍ ഇസ്രായില്‍ വീണ്ടും പറഞ്ഞതായും പ്രധാന റോഡിന് ചുറ്റും ഷെല്ലാക്രമണം തുടരുന്നത് ഇവരെ അപകടത്തിലാക്കുന്നതായും യു.എന്‍ മാനുഷിക ഓഫീസ് പറഞ്ഞു.
അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിന്‍ നഗരത്തിലും അഭയാര്‍ഥി ക്യാമ്പിലും നടത്തിയ റെയ്ഡില്‍ പത്ത് ഫലസ്തീനികളെ ഇസ്രായില്‍ സൈന്യം വധിച്ചതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഭീകരവിരുദ്ധ റെയ്ഡുകള്‍ തുടരുകയാണെന്ന് ഇസ്രായില്‍ സൈന്യം അറിയിച്ചു.

 

 

Latest News