ഗാസ/ജറൂസലം- വടക്കന്‍ ഗാസയിലെ ആക്രമണങ്ങള്‍ക്ക് എല്ലാ ദിവസവും നാലു മണിക്കൂര്‍ ഇടവേള ഇസ്രായില്‍ അനുവദിച്ചതായി യു.എസ് പ്രഖ്യാപിച്ചെങ്കിലും മിണ്ടാതെ ഇസ്രായില്‍. വൈറ്റ് ഹൗസ് പറഞ്ഞതുപോലെ വ്യാഴാഴ്ച മുതല്‍ ദിവസം നാല് മണിക്കൂര്‍ വടക്കന്‍ ഗാസയിലെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഇസ്രായില്‍ സമ്മതിച്ചെന്ന വാര്‍ത്ത സ്ഥിരീകരിക്കാന്‍ ഇസ്രായിലി പ്രധാനമന്ത്രിയുടെ ഓഫീസ് തയാറായില്ലെന്ന് ഇസ്രായില്‍ ദിനപത്രമായ ടൈംസ് ഓഫ് ഇസ്രായില്‍ റിപ്പോര്‍ട്ട് ചെയ്തു.
യുദ്ധം തുടരുകയാണെന്നും ബന്ദികളെ വിട്ടയക്കാതെ വെടിനിര്‍ത്തല്‍ ഇല്ലെന്നും നെതന്യാഹുവിന്റെ ഓഫീസ് പറഞ്ഞു. തെക്കന്‍ ഗാസയിലേക്ക് പോകാന്‍ ആളുകളെ സഹായിക്കുന്നതിന് ഇപ്പോള്‍ തന്നെ എല്ലാ ദിവസവും മണിക്കൂറുകള്‍ അനുവദിക്കുന്നുണ്ടെന്നും എന്നാലിതുവരെ അരലക്ഷം പേര്‍ മാത്രമേ ഒഴിഞ്ഞുപോയുള്ളു എന്നും അവര്‍ വ്യക്തമാക്കി.
രണ്ട് മാനുഷിക ഇടനാഴികളിലൂടെ ആളുകള്‍ക്ക് പലായനം ചെയ്യാന്‍ ഈ താല്‍ക്കാലിക വിരാമം അനുവദിക്കുമെന്നും സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ആദ്യഘട്ടവിജയമാണിതെന്നുമാണ് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞത്.
'താല്‍ക്കാലികമായി ഈ പ്രദേശങ്ങളില്‍ സൈനിക നടപടികളൊന്നും ഉണ്ടാകില്ലെന്ന് ഇസ്രായില്‍ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ഈ പ്രക്രിയ ഇന്ന് ആരംഭിക്കുന്നു- കിര്‍ബി പറഞ്ഞു. യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ ചര്‍ച്ചകള്‍ ഉള്‍പ്പെടെ, യു.എസും ഇസ്രായിലി ഉദ്യോഗസ്ഥരും തമ്മില്‍ അടുത്ത ദിവസങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ നിന്നാണ് നാലുമണിക്കൂര്‍ ഇടവേളയെന്ന തീരുമാനത്തിലെത്തിയതെന്ന് കിര്‍ബി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വൈറ്റ് ഹൗസ് പ്രഖ്യാപനത്തോട് ഇസ്രായില്‍ യോജിച്ചതായി കാണുന്നില്ല. ഇങ്ങനെ ഇടവേള അനുവദിക്കുന്നത് ഗുരുതര പിഴവാണെന്ന് ഇസ്രായില്‍ സുരക്ഷാ മന്ത്രിയും തീവ്രവലതുപക്ഷക്കാരനുമായ ഇറ്റാമര്‍ബെന്‍ഗവിര്‍ പറഞ്ഞു.