ടെല്‍അവീവ്-തെക്കന്‍ ഇസ്രായിലില്‍ ഒക്‌ടോബര്‍ ഏഴിന് ഹമാസ് സംഘം അപ്രതീക്ഷിത ആക്രമണം നടത്തുമ്പോള്‍ അവിടെ തങ്ങള്‍ ശമ്പളം നല്‍കുന്ന ഫോട്ടോഗ്രാഫര്‍മാര്‍ എത്തിയ സാഹചര്യം അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിശദീകരിക്കണമെന്ന് ഇസ്രായില്‍ ആവശ്യപ്പെട്ടു.
അസോസിയേറ്റഡ് പ്രസ്, റോയിട്ടേഴ്‌സ്, ന്യൂയോര്‍ക്ക് ടൈംസ്, സിഎന്‍എന്‍ എന്നിവ അതിര്‍ത്തി പ്രദേശത്തുനിന്നും ഇസ്രായിലിനകത്തുനിന്നുമുള്ള ചിത്രങ്ങള്‍ക്കായി ഫോട്ടോഗ്രാഫര്‍മാരെ ഉപയോഗപ്പെടുത്തിയതായി ഇസ്രായേല്‍ അനുകൂല വാച്ച്‌ഡോഗ് ഹോണസ്റ്റ് റിപ്പോര്‍ട്ടിംഗ് ബുധനാഴ്ച ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് ഇസ്രായില്‍ അധികൃതരുടെ നടപടി. ഹമാസ് ആക്രമണത്തെ കുറിച്ച് അവര്‍ക്ക് മുന്‍കൂട്ടി അറിയാമായിരുന്നുവെന്നാണ് ഇസ്രായില്‍ സംശയിക്കുന്നത്.
ചില ഫോട്ടോഗ്രാഫര്‍മാരും ഗാസ ഹമാസുംതമ്മിലുള്ള ബന്ധത്തെക്കുറിച്ചും റിപ്പോര്‍ട്ടില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നു.
ആക്രമണത്തെക്കുറിച്ച് മുന്‍കൂര്‍ അറിവുണ്ടായിരുന്നുവെന്ന ആരോപണം എപിയും റോയിട്ടേഴ്‌സും നിഷേധിച്ചു. ബ്രേക്കിംഗ് ന്യൂസ് കവര്‍ ചെയ്യുകയാണ് തങ്ങള്‍ ചെയ്യുന്നതെന്ന് വിശദീകരിക്കുകയും ചെയ്തു. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളുമായുള്ള ബന്ധം വിച്ഛേദിച്ചതായി സിഎന്‍എന്‍ പറഞ്ഞു. അതേസമയം, അദ്ദേഹത്തിന്റെ മാധ്യമ പ്രവര്‍ത്തനത്തിലെ കൃത്യത സംശയിക്കാന്‍ ഒരു കാരണവുമില്ലെന്നും വ്യക്തമാക്കി.
ഹമാസ് നടത്തിയ ക്രൂരമായ കൂട്ടക്കൊലകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ അക്രമികര്‍ക്കൊപ്പം ചേരുന്ന പ്രതിഭാസത്തെ വളരെ ഗൗരവമായി കാണുന്നുവെന്ന് ഇസ്രായില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഡിപ്പാര്‍ട്ട്‌മെന്റായ നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം വ്യാഴാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.