ചലച്ചിത്ര താരം ഹനീഫയെ എഴുത്തുകാരൻ ജമാൽ കൊച്ചങ്ങാടി ഓർത്തെടുക്കുന്നു
കലാഭവൻ ഹനീഫിന്റെ വിയോഗവാർത്ത കേട്ട് പ്രതികരിക്കാനാവാതെ തരിച്ചിരുന്നുപോയി. കൊച്ചിയിൽ ചെന്നാൽ മിണ്ടാനും പറയാനും ഉണ്ടായിരുന്ന ഒരാൾ കൂടി പോയി. എൻ.കെ.എ.ലത്തീഫ്, കെ.ജെയ്‌നി, ഉമ്പായി, കൊച്ചിൻ ആസാദ്, എം. ഇഖ്ബാൽ, റിസാബാവ, തുടങ്ങി കലാ സാംസ്‌ക്കാരിക രംഗത്ത് നിറഞ്ഞുനിന്നവർ ഓരോരുത്തരായി കളമൊഴിഞ്ഞു പോയി. വല്ലപ്പോഴും നാട്ടിലെത്തിയാൽ സ്‌നേഹപൂർവ്വം വീട്ടിലേയ്ക്ക് ക്ഷണിക്കാൻ അവശേഷിച്ചയാളാണ് ഹനീഫ്. എൺപതുകളിൽ ഞാൻ കോഴിക്കോട്ടേയ്ക്ക് കൂടിയേറിയതിന്ന് ശേഷം പത്തുവർഷം കഴിഞ്ഞാണ് ഹനീഫ സിനിമയിലെത്തിയത്. അതിന് മുമ്പ് മൗലാനാ ആസാദ് ലൈബ്രറിയുടെ ഒരു പ്രവർത്തകനായിരുന്നു. അവിടെനിന്നാണ് മിമിക്രി ആർട്ടിസ്റ്റായത്. തുടർന്ന് മുപ്പത് വർഷത്തോളം മലയാള സിനിമയുടെ ഭാഗമായി ഹനീഫ് മാറി. മിക്ക സിനിമകളിലും മിന്നിമറിയുന്ന വേഷമായിരുന്നെങ്കിലും ഹനീഫയുടെ കഥാപാത്രം സിനിമ തീർന്നാലും നമ്മോട് മിണ്ടിക്കൊണ്ടിരിക്കും.
മട്ടാഞ്ചേരിക്കും ഫോർട്ടു കൊച്ചിക്കും ഇടയിലുള്ള കപ്പലണ്ടിമുക്ക് എന്ന സ്ഥലത്തായിരുന്നു ഹനീഫയുടെ തറവാട്. അഞ്ചു മക്കളിൽ മൂത്തതായിരുന്നു ഹനീഫ. ഉപ്പയുടെ സ്റ്റേഷനറിക്കടയുടെ മുന്നിൽ വെക്കുന്ന സിനിമാ ബോർഡിന്റെ വകയായി ലഭിക്കുന്ന ഫ്രീ പാസ് ഉപയോഗിച്ച് അക്കാലത്തിറങ്ങുന്ന ഭൂരിഭാഗം സിനിമകളും കാണും. കണ്ട സിനിമയെ പറ്റി സ്‌കൂളിലെത്തി വാതോരാതെ സംസാരിക്കും. ഹനീഫയുടെ സിനിമയിലേക്കുള്ള വഴി അതായിരുന്നു.
ഹനീഫയുടെ അയൽക്കാരനായിരുന്നു അന്തരിച്ച നടൻ സൈനുദീൻ. സൈനുദ്ദീൻ വഴി കലാഭവനിലെത്തി. അത് മലയാള സിനിമയിലേക്കുള്ള യാത്രയുമായി. 30 വർഷത്തിൽ 175 സിനിമകൾ.
കൊച്ചിയിൽ ചെന്നാൽ വീട്ടിലേയ്ക്ക് ചെന്നില്ലെങ്കിൽ പരിഭവമാണ്. താമസിച്ച വീടുകളേറെയും വാടകവീടുകളായിരുന്നു. കൊച്ചിയിൽ ഞാൻ പങ്കെടുക്കുന്ന പരിപാടികളിൽ സന്തോഷത്തോടെ ഭാഗഭാക്കാവും. ആ വിനയാദര പ്രകടനങ്ങൾ ഒരിക്കലും അഭിനയമായിരുന്നില്ല. 175-ഓളം സിനിമകളിലും അറുപതിലേറെ സീരിയലുകളിലും അഭിനയിച്ചതിന്റെ അഹങ്കാരം തലയ്ക്ക് പിടിച്ചിരുന്നില്ല. ഹനീഫയുടെ മകളുടെ വിവാഹത്തിന് ക്ഷണിച്ചിരുന്നെങ്കിലും പോകാൻ പറ്റിയിരുന്നില്ല. പിന്നീട് കൊച്ചിയിൽ പോയപ്പോൾ സുഹൃത്ത് പി.എസ്.രാജീവും( കൈരളി) ഒത്ത് വീട്ടിൽ ചെന്നപ്പോൾ വളരെ സന്തോഷമായി. സിനിമാക്കാരെ കുറിച്ചുള്ള പല കഥകളും ഒരു മിമിക്രിക്കാരന്റെ ചാരുതയോടെ അഭിനയിച്ചു കാണിച്ചു. ഏതു റോളും അഭിനയിക്കാനുള്ള കഴിവുണ്ടായിരുന്നു ഹനീഫയ്ക്ക്. എന്നിട്ടും അർഹിക്കുന്നത്ര ശ്രദ്ധേയമായ വേഷങ്ങൾ കിട്ടുന്നില്ലല്ലൊ എന്ന് രാജീവ് പറഞ്ഞപ്പോൾ, ' അത് സമയമാകുമ്പോൾ വരും; ഇത്രയൊക്കെത്തന്നെ നമ്മൾ പ്രതീക്ഷിച്ചതല്ലല്ലൊ ' എന്നായിരുന്നു മറുപടി.
ഉള്ളതു കൊണ്ട് തൃപ്തിപ്പെടുന്ന മാന്യമായ പെരുമാറ്റം. ഒരു സിനിമയിൽ തല കാണിക്കുമ്പോഴേയ്ക്ക് അഹങ്കാരികളാകുന്നവരിൽ നിന്ന് തികച്ചും വിഭിന്നനായിരുന്നു ഹനീഫ. കഴിഞ്ഞ നാലഞ്ചുവർഷമായി മാരകരോഗം അലട്ടുമ്പോഴും സുഹൃത്തുക്കളിൽ നിന്ന് ഹനീഫ മറച്ചു പിടിച്ചു. കയ്പ് നിറഞ്ഞ ദു:ഖങ്ങൾ ആരേയും അറിയിച്ചില്ല. പകരം എല്ലാവരോടും പുഞ്ചിരിയോടെ, ആഹ്ലാദത്തോടെ പെരുമാറി.
ഏറ്റവുമൊടുവിൽ കണ്ടപ്പോൾ ഹനീഫ് പറഞ്ഞത് ഇന്നും ഓർമ്മയുണ്ട്: ' ജമാൽക്കയുടെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കണമെന്നാഗ്രഹമുണ്ട്. അതെന്നെങ്കിലും നടക്കുമോ?'
ഇനിയതിന്ന് സന്ദർഭമില്ലല്ലൊ പ്രിയ സുഹൃത്തെ!